യൂട്യൂബർ ‘തൊപ്പി’ പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാദ് പൊലീസ് കസ്റ്റഡിയിൽ. എറണാകുളത്ത് നിന്നാണ് വളാഞ്ചേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എറണാകുളം എടത്തലയിലെ സുഹൃത്തിന്‍റെ താമസ സ്ഥലത്തുവെച്ചാണ് പിടികൂടിയത്. വാതില്‍ തുറക്കാന്‍ പറ്റുന്നില്ലെന്നാണ് നിഹാദ് പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ പൊളിച്ചാണ് പൊലീസ് അകത്തുകടന്നത്.

കഴിഞ്ഞ ആഴ്ച വളാഞ്ചേരിയിൽ ഗതാഗത തടസം ഉണ്ടാക്കിയതിനും അശ്ലീല പദങ്ങൾ ഉപയോഗിച്ചതിനും തൊപ്പിക്കെതിരെ കേസെടുത്തിരുന്നു. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച ‘പെപെ സ്ട്രീറ്റ് ഫാഷൻ’ കടയുടെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവർത്തകനുമായ സെയ്ഫുദ്ദീൻ പാടത്തും എ.ഐ.വൈ.എഫ് നേതാവ് മുർശിദുൽ ഹഖുമാണ് പരാതി നൽകിയത്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി, ഉച്ചത്തിൽ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി.

വളാഞ്ചേരിയിലെ കട ഉദ്ഘാടത്തിൽ തൊപ്പിയെ കാണാൻ സ്‌കൂൾ വിദ്യാർഥികൾ അടക്കം നിരവധി കൗമാരക്കാരാണ് എത്തിയിരുന്നത്. തൊപ്പിയുടെ പാട്ടും പരിപാടിയിലെ ആൾക്കൂട്ടവും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു.

Related Articles

Back to top button