യു.ഡി.എഫ് വ്യാജ പ്രചരണം നടത്തുന്നു.. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കെ.കെ ശൈലജ…
കോഴിക്കോട്: യു.ഡി.എഫ് തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതായി ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ. കൊവിഡ് കാലത്തെ പർച്ചേസിന്റെ പേരിൽ യാതൊരു തെളിവുമില്ലാതെയാണ് യു.ഡി.എഫ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്ന് ശൈലജ പറഞ്ഞു.വടകരയിൽ പ്രചാരണം തുടങ്ങിയതു മുതല്‍ കെ.കെ ശൈലജക്കെതിരെ കൊവിഡ് കാല പാര്‍ച്ചേസ് സംബന്ധിച്ച ആരോപണങ്ങളും യു.ഡി.എഫ് ഉന്നയിക്കുന്നുണ്ട്. കോവിഡ് കള്ളിയെ കെട്ടുകെട്ടിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങൾ റോഡ് ഷോകളിലും മറ്റും ഉന്നയിക്കുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിന് വലിയ പ്രചാരവും നല്‍കുന്നു. പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരുടെയും പൊതു ജനങ്ങളുടെയും ജീവൻ രക്ഷിക്കാനായി നടത്തിയ ഇടപെടലിനെ കൊള്ളയായി ചിത്രീകരിച്ചാല്‍ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ യുഡിഎഫ് നിലപാട് മാറ്റാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതെന്ന് കെ.കെ ശൈലജ പറഞ്ഞു.