യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലം… സ്ഥിരീകരിച്ചു….
തിരുവനന്തപുരം: യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരണം. ഇലകമൺ കല്ലുവിള വീട്ടിൽ വിനു (23) ആണ് ഇന്നലെ രാവിലെ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വെള്ളിയാഴ്ച്ച രാത്രി ഏഴോടെ കരവാരം ജംഗ്ഷനിലെ കടയിൽ നിന്നു വാങ്ങിയ കേക്ക് കഴിച്ചതിന് ശേഷമാണ് വിനുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രാവിലെയോടെ കൂടുതല്‍ അവശനായ വിനുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. യുവാവിൻ്റെ ശരീരത്തിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യവും സംശയിക്കുന്നു.
വിനുവിന്റെ അമ്മയും സഹോദരങ്ങങ്ങളും കേക്ക് കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട അമ്മ കമല സഹോദരങ്ങളായ വിനീത്, വിനീത എന്നിവർ ചികിത്സയിൽ തുടരുകയാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ ഉള്ളത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി ഭക്ഷണം വിൽപന നടത്തിയ സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടീസ് നൽകി.