യുവാവിനെ കടിച്ചെടുത്ത് കടുവ കാട്ടിനുള്ളിലേക്ക് മറഞ്ഞു
ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നും യുവാവിനെ കടിച്ചെടുത്ത് കടുവ കാട്ടിനുള്ളിലേക്ക് മറഞ്ഞു. 60 കിലോമീറ്റര്‍ വേഗത്തില്‍ ഓടുകയായിരുന്ന ബൈക്കിന് നേര്‍ക്ക് കടുവ എടുത്ത് ചാടുകയായിരുന്നു. ബൈക്കില്‍ രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. കടുവയുടെ ആക്രമണത്തില്‍ ബൈക്ക് മറിഞ്ഞു. നിലത്ത് വീണ യുവാക്കളില്‍ ഒരാളെയും കടിച്ചെടുത്ത് കടുവ കാട്ടിനുള്ളിലേക്ക് പോയി.അല്‍പ്പസമയത്തിനുള്ളില്‍, രണ്ടാമന്‍ എഴുന്നേറ്റ് സഹയാത്രികന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനേയോ കടുവയേയോ പ്രദേശത്ത് എവിടെയും കണ്ടില്ല. തുടര്‍ന്ന് ഇയാള്‍ ബൈക്കുമായി പോലീസ് സ്റ്റേഷനില്‍ എത്തി സംഭവം അറിയിക്കുകയായിരുന്നു.
അഫ്‌സല്‍ എന്ന യുവാവിനെയാണ് കാണാതായത്. അനസ് എന്നാണ് രക്ഷപ്പെട്ടയാളിന്റെ പേര്. സംഭവത്തെ തുടര്‍ന്ന്, വനം വകുപ്പ് ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രദേശത്ത് മൂന്ന്- നാല് കടുവകള്‍ പതിവായി കറങ്ങി നടക്കുന്നുണ്ടെന്നും, ഇതിനെ കുറിച്ച് പരാതി നല്‍കിയിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.ഡെറാഡൂണിലെ കോര്‍ബറ്റ് ദേശീയോദ്യാനത്തിന് സമീപമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.