യുവാക്കളുടെ മരണം: ഞെട്ടിത്തരിച്ച് പ്രദേശവാസികൾ

അമ്പലപ്പുഴ: ഒരു നാട് അർദ്ധരാത്രിയിൽ കാതടപ്പിക്കുന്ന ശബ്ദം കേട്ട് ഉണർന്നത് ഞെട്ടലോടെ. പിന്നീട് 5 യുവാക്കളുടെ ജീവൻ പൊലിഞ്ഞ വാർത്ത കേട്ടതോടെ ഉറക്കമില്ലാതെ കണ്ണീരിലായി
കാക്കാഴം ഗ്രാമം. പുലർച്ചെ ഒന്നര മണിയോടെ കാറും ലോറിയും കൂട്ടിയിടിച്ച് വലിയ ശബ്ദം കേട്ട്
ഉണർന്ന നാട് പിന്നീട് ഉറങ്ങിയില്ല. തൊട്ടടുത്ത കായിപ്പള്ളി ക്ഷേത്രത്തിൽ രോഹിണി മഹോത്സവം നടക്കുന്നതിനാൽ ക്ഷേത്രത്തിലുണ്ടായിരുന്നവരും സമീപവാസികളുമാണ് ഇവിടെ ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. പിന്നാലെ ചെമ്മീൻ സംസ്ക്കരണ ശാലയിലെ
തൊഴിലാളികളടക്കം നിരവധിയാളുകൾ ഓടിക്കൂടി.

നാട്ടുകാരാണ് അപകട വിവരം തകഴി ഫയർഫോഴ്സിലും അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലുമറിയിച്ചത്. അപകടസ്ഥലത്തു വെച്ചു തന്നെ നാലു പേരുടെ ജീവൻ നഷ്ടമായി.ഗുരുതര പരിക്കേറ്റ അമലിനെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ച് സി.ടി.സ്കാൻ പരിശോധനക്കു ശേഷം അത്യാഹിതത്തിലെത്തിച്ചപ്പോഴാണ് മരിച്ചത്.അപകടം നടന്നതിന് തൊട്ടുപിന്നാലെ ഇവിടെയെത്തിയ ആംബുലൻസിൽ 3 മൃതദേഹങ്ങൾ കയറ്റി വിട്ടു. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നെത്തിയ ആംബുലൻസുകളിലാണ് മറ്റ് രണ്ട് പേരെ എത്തിച്ചത്. ഫയർഫോഴ്സ് സംഘം കാർ വെട്ടിപ്പൊളിച്ചാണ് മുന്നിലിരുന്ന രണ്ട് പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്.അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതവും തടസ്സപ്പെട്ടു. മേൽപ്പാലത്തിൽ നിന്ന് ലോറിയും കാറും നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Related Articles

Back to top button