യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യംചെയ്ത് അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ

യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും അശ്ലീല ചേഷ്ടകള്‍ കാട്ടുകയും ചെയ്തെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. കുളമാവ് പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ പെരിങ്ങാശേരി സ്വദേശി മര്‍ഫിയെ (35) ആണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് പറഞ്ഞു.ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊടുപുഴയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുള്ള യുവതി, കരിമണ്ണൂര്‍ പഞ്ചായത്ത് കവലയില്‍ ബസ് ഇറങ്ങി അവിടെയുള്ള ബേക്കറിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. തന്നെ കാറില്‍ പിന്തുടര്‍ന്ന് കിളിയറ റോഡിലെ പാലത്തിന്റെ സമീപം എത്തിയപ്പോള്‍ കാര്‍ മുന്നില്‍ കയറ്റി വട്ടം നിര്‍ത്തിയെന്ന് യുവതി പരാതിയിൽ പറയുന്നു. തുടര്‍ന്ന് ഡ്രൈവര്‍ സീറ്റിലിരുന്ന് യുവതിക്കു നേരെ അശ്ലീല ചേഷ്ടകള്‍ കാട്ടിയെന്നും പരാതിയിലുണ്ട്. ഡ്രൈവര്‍ സീറ്റില്‍ നിന്ന് മർഫി പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിയതോടെ താൻ പേടിച്ച് അടുത്തുള്ള കടയില്‍ ഓടിക്കയറിയെന്നും യുവതി പറയുന്നു. കടയിലുണ്ടായിരുന്നവര്‍ പുറത്തുവന്നതോടെ സ്ഥലത്തു നിന്നും പോയി.

Related Articles

Back to top button