യദുവിനെതിരായ നീക്കം ശക്തമാക്കി കെഎസ്ആർടിസിയും പൊലീസും…..

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ പരാതി നൽകിയ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരായ നീക്കം ശക്തമാക്കി കെഎസ്ആർടിസിയും പൊലീസും. തർക്കമുണ്ടായ ദിവസം യാത്രക്കിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, യദുവിനെതിരായ നടി റോഷ്ണയുടെ പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം ശക്തമാക്കി. പൊലീസ് മടിച്ചുനിന്നപ്പോൾ കോടതി ഇടപെട്ടതോടെയാണ് ഒടുവിൽ ഇന്നലെ മേയർക്കും സച്ചിൻ ദേവ് എംഎഎൽക്കും ഒപ്പമുണ്ടായിരുന്നവർക്കുമെതിരെ കൻറോൺമെൻ്റ് പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്. ഈ കേസിൽ പ്രതിയാക്കപ്പെട്ട മേയർ അടക്കം അഞ്ച് പേരുടെയും മൊഴി പൊലീസ് ഉടന് രേഖപ്പെടുത്തും. സംഘം ചേർന്ന് മാർഗ്ഗതടസ്സമുണ്ടാക്കിയെന്നാണ് കേസ്. മേയറുടെ സംഘവും കെഎസ്ആർടിസി ബസിൻ്റെ സർവ്വീസ് തടസ്സപ്പെടുത്തിയില്ലെന്ന പൊലീസിൻ്റെ വാദവും കേസെടുക്കണ്ടിവന്നതോടെ പൊളിഞ്ഞു. ബസിനുള്ളിലേക്ക് സച്ചിൻ കയറി യാത്രക്കാരെ ഇറക്കിവിട്ടു എന്നും യദുവിൻ്റെ പരാതിയിലുണ്ട്. ഈ പരാതി നാളെ കോടതി പരിഗണിക്കും.  തർക്കമുണ്ടായ കഴിഞ്ഞ 27ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് തൃശൂരിൽ നിന്ന് ബസ് പുറപ്പെടുന്നത്. രാത്രി 9.45 ഓടെയാണ് തിരുവനന്തപുരം പാളയത്ത് വെച്ച് തർക്കമുണ്ടായത്. യാത്രയിൽ പലസമയത്തായി ഒരു മണിക്കൂറോളം യദു ഫോണിൽ സംസാരിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പല ടവറുകളിലായാണ് സംസാരം. ഡ്യൂട്ടിക്കിടയിലെ ഫോൺ വിളിയിൽ പൊലീസ് റിപ്പോർട്ട് കെഎസ്ആർടിസിക്ക് നൽകും. യദു നേരത്തെ അപകടരമായി വാഹനമോടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്ന് കഴിഞ്ഞ ദിവസം നടി റോഷ്ണ ആൻ റോയ് പറഞ്ഞിരുന്നു. നടി പറഞ്ഞ കാര്യത്തിൽ കെഎസ്ആർടിസി വിജിലൻസ് വഭാഗം വിശദമായ അന്വേഷണം തുടങ്ങി. 

Related Articles

Back to top button