മർച്ചൻ്റ് നേവിയിൽ ജോലിവാഗ്ദാനം ചെയ്ത്….. ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ…

ആലപ്പുഴ: മർച്ചൻ്റ് നേവിയിൽ മാസം അരലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലിവാഗ്ദാനം ചെയ്ത് പുന്നപ്ര സ്വദേശിയിൽനിന്നു എട്ട് ലക്ഷം രൂപ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ചേർത്തല അന്ധകാരനഴി ഭാഗത്തു താമസിക്കുന്ന ജിത്തു സേവ്യറെ(30) യാണ് പുന്നപ്ര പൊലീസ് അറസ്റ്റുചെയ്തത്. പുന്നപ്ര പൊലീസ് നടത്തിയ അന്വേഷണത്തിൽ അരൂരിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
കൂട്ടുപ്രതികളുടെ സഹായത്തോടെ വ്യാജവെബ്സൈറ്റ് ഉണ്ടാക്കിയാണ് തട്ടിപ്പു നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. അതിൽ മർച്ചൻ്റ് നേവിയുടേതെന്ന മട്ടിൽ തങ്ങളുടെതന്നെ മൊബൈൽനമ്പർ പ്രദർശിപ്പിച്ച് ഉദ്യോഗാർഥികളുടെ വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ്. അരലക്ഷം രൂപ ശമ്പളം ലഭിക്കുന്ന സ്ഥിരംജോലി നൽകാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് പുന്നപ്ര സ്വദേശിയായ സെഫിനിൽനിന്നാണ് പ്രതി പണം വാങ്ങിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സെഫിക്ക് വ്യാജ ഓഫർലെറ്റർ നൽകി രൂപയാണു തട്ടിയെടുത്തത്. തുടർന്ന് ടിക്കറ്റ് കാഷ്, ഡോക്യുമെന്റേഷൻ ചാർജ്, മെഡിക്കൽ ചാർജ്, എമിഗ്രേഷൻ ചാർജ് എന്നിവപറഞ്ഞു വലിയതുകയാണ് തട്ടിയെടുത്തത്. മുംബൈ മീരാറോഡിൽ താമസിച്ചിരുന്ന പ്രതി പണത്തിനു ബുദ്ധിമുട്ടി കേരളത്തിലേക്കു വന്നപ്പോഴാണ് പിടിയിലായത്. അമ്പലപ്പുഴ ഡിവൈ.എസ്‌പി. കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ പുന്നപ്ര എസ്‌ഐ. വി.എൽ. ആനന്ദ്, സീനിയർ സി.പി.ഒ. എം.കെ. വിനിൽ, അനു സാലസ്, സേവ്യർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button