മോഷണ ശ്രമം… രണ്ടു പേർ അറസ്റ്റിൽ….
തിരുവനന്തപുരം: പ്രവർത്തനം നിലച്ച ക്വാറിയിൽ മോഷണ ശ്രമം നടത്തിയ രണ്ടു പേർ അറസ്റ്റിൽ. വെള്ളറടയിൽ പ്രവർത്തനം നിലച്ച പാറമടയിലെ കെട്ടിടത്തിന് സമീപത്തു നിന്നും ചെമ്പ് കമ്പികളും അനുബന്ധ സാധനങ്ങളും മോഷ്ടിക്കാൻ ശ്രമിച്ച നാലാംഗ സംഘത്തിലെ രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. നെല്ലിശ്ശേരിയിലെ ഷിബു (42), കാരക്കോണം പുല്ലന്തരി സ്വദേശി ഉദയൻ ( 44) എന്നിവരാണ് അറസ്റ്റിലായത്.ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മോഷണം നടത്തിയത്. ക്വാറിയിലെ വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ മിന്നൽ രക്ഷാചാലകം സ്ഥാപിച്ചിരുന്നു. ഇതിൽനിന്നുള്ള ചെമ്പ് കമ്പികൾ കുഴിയെടുത്ത് കമ്പികളിലാണു ഘടിപ്പിച്ചിരുന്നത്. ഇവ മണ്ണ് നീക്കംചെയ്ത് മോഷ്ടിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ശബ്ദം കേട്ട് നാട്ടുകാരും ഉടമയും എത്തിയപ്പോൾ മോഷ്ടാക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഷിബുവിനെ പിടികൂടി. മറ്റുള്ളവർ ഇരുട്ടിൽ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ ഉദയനെയും പൊലീസ് അറസ്റ്റു ചെയ്തു. മറ്റു രണ്ടു പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.ഈ ക്വാറിയിൽ നിന്ന് ഇരുമ്പ് കമ്പികൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ മുൻപും മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. മണ്ണുമാന്തി യന്ത്രത്തിന്റെ ബാറ്ററികൾ മോഷണം നടത്തുന്ന സംഘത്തിലുള്ളവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.