മോഷണം പോയ കൂഴച്ചക്ക മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു!! വരിക്കച്ചക്കയായി….

കൂഴപ്ലാവിലെ ചക്ക പാകമാകുന്നതു കാത്തിരുന്ന വീട്ടുകാരെ ഞെട്ടിച്ചുകൊണ്ട് അപ്രത്യക്ഷമായ ചക്ക മൂന്നാം ദിനം പ്ലാവിൻ ചുവട്ടിൽ പ്രത്യക്ഷപ്പെട്ടപ്പോൾ വരിക്കച്ചക്ക. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ മേരികുളത്തിനു സമീപമാണ് കൗതുകമുണർത്തുന്ന സംഭവം നടന്നത്.മേഖലയിലെ പ്ലാവുകളിൽ ചക്കയുണ്ടെങ്കിലും ആദ്യം ഉണ്ടായത് ഈ പ്ലാവിലെ ചക്കയാണ്. റോഡരികില്‍ നില്‍ക്കുന്ന പ്ലാവിലായതിനാല്‍ നാട്ടുകാരുടെയെല്ലാം ശ്രദ്ധ ഈ ചക്ക നേടുകയും ചെയ്തിരുന്നു. അതിനാല്‍ പ്രദേശവാസികളൊക്കെ ചക്ക പാകമാകുന്നത് നോക്കിയിരിക്കുകയായിരുന്നു.

എല്ലാവരുടെയും ശ്രദ്ധ ഉണ്ടായിരുന്ന ചക്ക പെട്ടെന്നൊരുന്നാള്‍ അപ്രത്യക്ഷമായതോടെ വീട്ടുകാരും നാട്ടുകാരും നിരാശയിലായി. ചക്ക ആരാണ് മോഷ്ടിച്ചതെന്ന് പല വഴിക്ക് അന്വേഷണം നീണ്ടു. ചക്ക എവിടെ പോയെന്നതിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളുയര്‍ന്നു. ചക്ക കണ്ടെത്താനുള്ള അന്വേഷണം പല വഴിക്ക് നീണ്ടതോടെ മൂന്നാം നാള്‍ ചക്ക പ്ലാവിന്‍ ചുവട്ടില്‍ പ്രത്യക്ഷപ്പെട്ടു. ചക്കയെക്കുറിച്ച് അന്വേഷണം വ്യാപിച്ചതോടെ മോഷ്ടിച്ചയാള്‍ തിരികെ കൊണ്ടുവന്ന് ഇട്ടതാണെന്ന് ഉറപ്പായി. ചക്ക എടുത്തു വെട്ടിയപ്പോള്‍ വീട്ടുകാര്‍ വീണ്ടും ഞെട്ടി. മുന്‍വര്‍ഷങ്ങളില്‍ കൂഴച്ചക്കയാണ് ഈ പ്ലാവില്‍ നിന്ന് ലഭിച്ചിരുന്നത്. എന്നാല്‍ പ്ലാവിന്‍ചുവട്ടില്‍ നിന്നു ലഭിച്ചത് വരിക്കച്ചക്കയും. എന്തായാലും നാട്ടുകാര്‍ ഒത്തുചേര്‍ന്നു ചക്ക വീതിച്ചെടുത്തു. കൂഴച്ചക്കയ്ക്കു പകരം വരിക്കച്ചക്ക തിരിച്ചു തന്ന മോഷ്ടാവിനോട് വീട്ടുകാര്‍ക്ക് നന്ദി മാത്രം.

Related Articles

Back to top button