മോഷണം പോയ ആലപ്പുഴക്കാരന്റെ സ്കൂട്ടർ പിറ്റേന്ന് കണ്ടെത്തി പോലീസ്..എന്നാൽ തിരികെ കിട്ടിയത്…
ചെന്നൈ നഗരത്തിൽ വെച്ച് മോഷണം പോയ ആലപ്പുഴക്കാരന്റെ സ്‌കൂട്ടർ തിരികെ കിട്ടിയത് ഒരു മാസവും അഞ്ചു ദിവസവും കഴിഞ്ഞ്. മോഷണം പോയതിന്റെ പിറ്റേന്ന് തന്നെ സ്‌കൂട്ടർ പൊലീസ് കണ്ടെടുത്തെങ്കിലും ബൈക്ക് കയ്യിൽ കിട്ടാനായി ഒരുപാട് വലഞ്ഞെന്ന് വാഹനഉടമ പറഞ്ഞു . ദിവസങ്ങളോളം പൊലീസ് സ്‌റ്റേഷനും കോടതിയിലും കയറി ഇറങ്ങി. അഭിഭാഷകന്റെ പ്രതിഫലമടക്കം 15,000 രൂപയോളം ചെലവാകുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി .
ഇക്കഴിഞ്ഞ ഫെബ്രുവരി 26നായിരുന്നു ആലപ്പുഴക്കാരനായ കെ.വി.ബ്രൂണോയുടെ സ്‌കൂട്ടർ മോഷ്ടിക്കപ്പെട്ടത്. സ്‌കൂട്ടർ പാർക്ക് ചെയ്ത് പോയപ്പോൾ താക്കോൽ മറന്നു വെച്ചതോടെയാണ് പുലിവാല് പിടിച്ചത്. വണ്ടി മോഷ്ടിച്ച കള്ളൻ പിന്നീട് നഗരത്തിൽ മറ്റിടങ്ങളിലും വ്യാപകമായി കവർച്ച നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് പിറ്റേന്നു തന്നെ പ്രതിയെ പിടികൂടിയെങ്കിലും ‘തൊണ്ടി മുതലായ’ സ്‌കൂട്ടർ തിരികെ കിട്ടാനുള്ള നടപടികൾ കോടതിയിലേക്കു നീണ്ടു.
നിരപരാധിത്വം തെളിയിക്കാനും സ്‌കൂട്ടർ വിട്ടുകിട്ടാനുമായി വിവിധ ഘട്ടങ്ങളിലായി ആറ് സാക്ഷികളെ ഹാജരാക്കേണ്ടി വന്നതായി ബ്രൂണോ പറയുന്നു . അവസാനഘട്ടത്തിൽ വണ്ടി വിട്ടുകിട്ടാൻ ജാമ്യക്കാരനെ ഹാജരാക്കേണ്ടി വന്നപ്പോഴത്തെ നിബന്ധനകൾ ഏറെ വലച്ചെന്നു ബ്രൂണോ പറയുന്നു. ഒരു ലക്ഷം രൂപയിൽ കൂടുതൽ വില വരുന്ന വാഹനം സ്വന്തമായുള്ള ആളെ ഹാജരാക്കാനായിരുന്നു നിർദ്ദേശം. അദ്ദേഹത്തിന്റെ റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് തുടങ്ങിയ രേഖകളടക്കം സമർപ്പിച്ച ശേഷമാണ് ഒരു മാസം നീണ്ട ദുരിതത്തിന് അറുതിയായത്.