മോഷണം കയ്യോടെ പൊക്കി..വയോധികയെ കഴുത്തറുത്ത് കൊന്ന് കനാലിൽ തള്ളി..ദമ്പതികൾ പിടിയിൽ….
വയോധികയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കനാലിൽ തള്ളിയ ദമ്പതികൾ അറസ്റ്റിൽ.ദമ്പതികൾ മോഷ്ടിക്കുന്നത് കണ്ടതോടെയാണ് ക്രൂരകൃത്യം നടത്തിയത്.ചെന്നൈ എംജിആർ നഗറിലെ ശിവമൂർത്തി തെരുവിലെ വിജയയാണ് കൊല്ലപ്പെട്ടത്. ജൂലൈ 17 നാണ് വിജയയെ കാണാതാവുന്നത്. തുടർന്ന് മകൾ ലോഗനായഗി പൊലീസിൽ പരാതി നൽകി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിജയയുടെ മൃതദേഹം കനാലിൽ കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട വിജയയുടെ അയൽവാസിയായ പാർഥിബനെ (32) പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. എന്നാൽ പാർഥിബനും ഭാര്യ സംഗീതയും (28) ഒളിവിൽ പോയി. ഇതോടെ പൊലീസിന് സംശയം തോന്നി. മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇരുവരും വിരുദുനഗറിൽ ഒളിവിൽ താമസിക്കുകയാണെന്ന് കണ്ടെത്തി. പ്രത്യേക അന്വേഷണസംഘം ദമ്പതികളെ പിടികൂടി ചെന്നൈയിലെത്തിച്ചു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരും വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കൊല്ലപ്പെട്ട വിജയയുടെ വീട്ടിൽ വൻതുക ഉണ്ടെന്ന് അയൽവാസികളായ ഇരുവർക്കും അറിയാമായിരുന്നു. ഈ പണം തട്ടിയെടുക്കാൻ ഭാര്യയും ഭർത്താവും തീരുമാനിച്ചു. എന്നാൽ മോഷ്ടിക്കുന്നത് വിജയ കൈയോടെ പിടിക്കുകയായിരുന്നു. തുടർന്നാണ് വിജയയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.