മൈനാഗപ്പള്ളി വാഹനാപകടം..ശ്രീക്കുട്ടിക്ക് ജാമ്യം…
കൊല്ലം മൈനാഗപ്പള്ളിയിൽ മദ്യലഹരിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട ശേഷം കാർ കയറ്റിക്കൊന്ന കേസിലെ കൂട്ടുപ്രതിയായ ഡോ ശ്രീക്കുട്ടിക്ക് ജാമ്യം ലഭിച്ചു.കൊല്ലം പ്രിൻസിപ്പൽ സെഷൻ കോടതിയാണ് ജാമ്യം നൽകിയത്.കേസിലെ രണ്ടാം പ്രതിയായ ശ്രീക്കുട്ടിക്കെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്.എന്നാൽ കാറിന്റെ പിന്‍സീറ്റിലായിരുന്ന ശ്രീക്കുട്ടി ഒരു തരത്തിലുമുള്ള പ്രേരണയും നല്‍കിയിട്ടില്ലെന്നും ഒന്നാംപ്രതി അജ്മല്‍ സ്വയം കാര്‍ മുന്നോട്ടെടുത്തതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. നിലവിൽ അട്ടക്കുളങ്ങര ജയിലിലാണ് പ്രതി ശ്രീക്കുട്ടിയുള്ളത്.
തിരുവോണ ദിവസം ഉച്ചയ്ക്കായിരുന്നു മദ്യലഹരിയിലായിരുന്ന പ്രതികൾ സ്‌കൂട്ടർ യാത്രക്കാരിയായ കുഞ്ഞുമോളെ കാർ കയറ്റി കൊന്നത്. മദ്യലഹരിയില്‍ ആയിരുന്ന പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ വീണുകിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയായിരുന്നു. കാറോടിച്ച ഒന്നാം അജ്മലിനെതിരെ മനപ്പൂര്‍വമുള്ള നരഹത്യ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാറിന്‍റെ പിന്‍സീറ്റിലായിരുന്നു രണ്ടാം പ്രതി ശ്രീക്കുട്ടി. ശ്രീക്കുട്ടിയുടെ പ്രേരണയിലാണ് അജ്മല്‍ കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.