മേൽപ്പാലത്തിൽ പെട്ടിഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്
അമ്പലപ്പുഴ: ദേശീയപാതയിൽ കാക്കാഴം മേൽപ്പാലത്തിൽ പിക്കപ്പ് വാനും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് പെട്ടി ഓട്ടോയിൽ ഉണ്ടായിരുന്ന ദമ്പതികൾക്ക് ഗുരുതര പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 ഓടെ ആയിരുന്നു അപകടം.കായംകുളം കൊറ്റുകുളങ്ങര ചങ്ങയിൽ വടക്കേതിൽ ഹാഷിം (40), ഇദ്ദേഹത്തിൻ്റെ ഭാര്യ റസീന (34) എന്നിവർക്കാണ് പരിക്കേറ്റത്.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ സന്ദർശിച്ച് കായംകുളത്തെ വീട്ടിലേക്കു മടങ്ങിയ ദമ്പതികൾ സഞ്ചരിച്ച പെട്ടി ഓട്ടോമേൽപ്പാലത്തിലെ കുഴിയിൽ വീണ് നിയന്ത്രണം തെറ്റി എതിർദിശയിൽ വന്ന പിക്കപ്പ് വാനിൽ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം തകർന്ന് ഉള്ളിൽ കുടുങ്ങിയ ദമ്പതികളെ അമ്പലപ്പുഴ പൊലീസും, നാട്ടുകാരും, തകഴിയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും നില ഗുരുതരമാണ്. ഓടിക്കൂടിയ നാട്ടുകാർ കുഴി നികത്താതെ വാഹനം മാറ്റിയിടാനാവില്ലെന്ന് പറഞ്ഞത് അല്പനേരം സംഘർഷത്തിന് കാരണമായി.അര മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.