മേയർക്കെതിരെയുള്ള പരാതിയിൽ ഇന്ന് മുതൽ മൊഴിയെടുപ്പ് നടക്കും…
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും എം.എൽ.എ. സച്ചിൻ ദേവിനുമെതിരെ എടുത്ത പരാതിയിൽ ഇന്ന് മുതൽ മൊഴിയെടുപ്പ് തുടങ്ങും. പരാതിക്കാരായ രണ്ടു പേരുടെ മൊഴിയാണ് രേഖപ്പെടുത്തുക. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു, മേയർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊതു താൽപര്യഹാർജി നൽകിയ എറണാകുളം സ്വദേശിയായ അഭിഭാഷകൻ്റെ മൊഴി എന്നിവയാണ് രേഖപ്പെടുത്തുക. ഇവരോട് കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യദുവിൻ്റെ പരാതിയിലെടുത്ത ജാമ്യം ഇല്ലാത്ത വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായാണ് യദുവിന്‍റെ മൊഴി രേഖപ്പെടുത്തുന്നത്. അഭിഭാഷകൻ്റെ ഹർജിയിൽ കോടതി നിർദേശപ്രകാരം ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ പൊലീസ് ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരം ആദ്യം കേസെടുത്തിരുന്നു. അതിലെ അന്വേഷണത്തിൻ്റെ ഭാഗമായാണ് അഭിഭാഷകൻ്റെ മൊഴി രേഖപ്പെടുത്തുന്നത്. അതിനുശേഷമാവും മേയറുടെയും എംഎൽഎയുടെയും മൊഴിയെടുക്കുകയെന്നാണ് വിവരം.