മെസ്സേജ് വരുന്നതുപോലെ വീട്ടിൽ കാര്യങ്ങൾ നടക്കുന്നു: കാരണം വെളിപ്പെടുത്തി പതിനാലുകാരൻ…
കൊല്ലം ജില്ലയിലെ കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്നുയർന്ന അതിവിചിത്രമായ പരാതി വാർത്തകളിൽ എല്ലാം ഏറെ ചർച്ചയായതാണ്. വാട്‌സാപ്പിൽ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നു എന്നാതായിരുന്നു പരാതി. എന്നാൽ വാട്സാപ്പിൽ മെസേജ് അയച്ച് മോട്ടോർ കത്തിക്കുന്ന, ടി വി പൊട്ടിത്തെറിപ്പിക്കുന്ന, ഫാനും ലൈറ്റും ഓഫ് ആക്കുന്ന നെല്ലിക്കുന്നത്തെ ആ വീട്ടിലെ നിഗൂഢതയ്ക്ക് പിന്നിൽ പലരും സംശയിച്ച പോലെ ഒരു ബുദ്ധിരാക്ഷസനായ ഹാക്കർ ആയിരുന്നില്ല മറിച്ച് അവരുടെ തന്നെ ബന്ധുവായ ഒരു പതിനാലുവയസുകാരൻ ആണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
എന്നാൽ അതിനുശേഷവും ബാക്കിയാകുന്ന നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉണ്ട്.
എന്തിനാണ് ഈ പതിനാലു വയസുകാരൻ ഇതെല്ലാം ചെയ്തത് എന്ന്. ബാലചാപല്യമോ ഒരു രസത്തിന്റെ പുറത്തോ ആണെന്നൊക്കെ കരുതാമെങ്കിലും കുട്ടി പോലീസിനോടൊക്കെ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. അമ്മയുടെ സഹോദരിയുടെ ഭർത്താവ് ഇവരുമായി വേർപെട്ടാണ് കഴിയുന്നത്. എന്നാൽ കുട്ടികളെ കാണാനും മറ്റുമായി ഇവർ ഇടക്ക് വീട്ടിലേക്ക് വരുമെന്നും എന്നാൽ ഇത് തനിക്ക് ഇഷ്ടമല്ലെന്നും അതിനാൽ അയാളാണ് ഇത് ചെയ്തതെന്ന് വരുത്തി തീർക്കാൻ വേണ്ടിയാണ് ഇതെല്ലാം ചെയ്തിരിക്കുന്നത് എന്നുമാണ്. എന്നാൽ മെസേജിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഒരു പതിനാലുവയസുകാരന് ചേർന്നതല്ലെന്നും പോലീസുകാർ പറയുന്നു.
നെല്ലിക്കുന്നത്തെ വീട്ടിൽ സംഭവിച്ചതെല്ലാം ഒരു സൈബർ കുറ്റകൃത്യമായി കേരളം മുഴുവൻ ചർച്ച ചെയ്യപ്പെട്ടതാണ്. എന്നാൽ ഇവിടെ ഹാക്കിങ് എന്നൊരു സംഭവം നടന്നിട്ടേയില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥർ തീർത്തുപറഞ്ഞു. എന്നാൽ ഈ പ്രശ്ങ്ങൾ എല്ലാം നടന്നത് ആറുമാസത്തിനുള്ളിലാണെന് പരാതിക്കാരി സജിത പല മാധ്യമങ്ങളോടും പറഞ്ഞിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് വയറുകൾ കത്തിയതോ സ്വിച്ച് ബോർഡുകൾ തകർന്നതോ ഒന്നും ഈ ആറുമാസത്തിനുള്ളിൽ അല്ല. അതിനുമുമ്പ് നടന്ന കാര്യങ്ങളാണ്.
ഗൾഫിലായിരുന്ന പരാതിക്കാരി നാട്ടിൽ തിരിച്ചെത്തിയിട്ട് ആറുമാസം ആയുള്ളൂ. അതുകൊണ്ട് തന്നെ അവർ ഈ പറഞ്ഞ കാര്യങ്ങൾക്കൊന്നും ദൃക്‌സാക്ഷിയല്ല. തന്നെയുമല്ല ഈ പറഞ്ഞവയൊന്നും വാട്സാപ്പിൽ മെസേജ് വന്ന് നടന്നവയുമല്ല. മുറിയിലെ ലൈറ്റും ഫാനും ഓഫ് ആകുന്നു, മോട്ടോർ ഒന്നായി വെള്ളം നിറഞ്ഞ് പോകുന്നു, സജിത ധരിച്ചിരുന്ന ഡ്രെസ്സിന്റെ നിറം അടക്കം പറയുന്നു തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് വാട്സാപ്പിൽ മെസേജ് ആയി വന്നതും നടന്നതായി കണ്ടതും.. ഈ സംഭവങ്ങളിൽ നിന്നുമാണ് പരാതിക്കാരിയ്ക്ക് തന്റെ വീട്ടിൽ മറ്റാരോ ഉണ്ടെന്ന സംശയവും ഭീതിയും തോന്നിയത്. ഈ കൃത്യം നടക്കുന്ന സമയത്തെല്ലാം പരാതിക്കാരിയുടെ അമ്മയുടെ ഫോൺ കൈവശം വെച്ചിരുന്നത് ഈ പതിനാലുവയസുകാരൻ ആയിരുന്നു. ഹാളിലിരിക്കുന്ന കുട്ടി തന്നെയാണ് ഇവരെ നേരിട്ട് കണ്ട് ഇട്ടിരിക്കുന്ന വസ്ത്രത്തെ കുറിച്ചും മറ്റും മെസേജ് അയക്കുന്നത്. റൂമിലെ ഫാനിനെ നിയന്ത്രിക്കുന്ന ബ്രേക്കർ ഹാളിലുമുണ്ട്. ഇവിടെ നിന്നാണ് കുട്ടി ഇത് ഓണും ഓഫും ആക്കുന്നത്. എങ്ങനെയാണ് കുട്ടി ഇത് ചെയ്യുന്നത് എന്നല്ലേ?
സജിത ഫോണിൽ സംസാരിക്കുന്നതോ മുറിയിൽ കിടക്കുന്നതോ കാണുന്ന കുട്ടി പോയി മോട്ടർ ഓണാക്കി തിരികെ വന്ന് മെസേജ് അയക്കുന്നു. സജിത എപ്പോൾ മുറിയിൽ നിന്ന് ഇറങ്ങും എന്നതിനെ കുറിച്ചുള്ള കണക്കുകൂട്ടൽ കുട്ടിക്ക് ഉണ്ടായിരുന്നിരിക്കാം. അവർ മുറിയിൽ നിന്ന് പോയി നോക്കുമ്പോൾ സ്വാഭവികമായും വെള്ളം പോകുന്നത് ആണ് കാണുന്നത്. അല്ലാതെ മോട്ടോർ തനിയെ ഓണാകുന്നതോ കത്തുന്നതോ ആരും നേരിട്ട് കണ്ടിട്ടില്ല. എന്നാൽ അവരോട് ഒപ്പം ഇരുന്നിട്ട് തന്നെയാണ് ഈ പതിനാലുവയസുകാരൻ ഇതെല്ലാം ചെയ്യുന്നത് എന്നോ മെസ്സേജ് വരുന്ന ഒരു ഘട്ടത്തിൽ പോലും മൊബൈൽ ഫോൺ ആരുടെ കൈവശമാണ് ഇരിക്കുന്നത് എന്നോ ഇവർ ശ്രദ്ധിക്കുന്നില്ല
ഫോൺ കൈവശം വെക്കുന്ന സമയം ഇതൊന്നും നടന്നിട്ടുമില്ല. കുട്ടിയ്ക്ക് സ്വന്തമായുള്ള മറ്റു രണ്ടു ഫോണിന്റെ സേർച്ച് ഹിസ്റ്ററി പരിശോധിച്ച് നോക്കിയ ഉദ്യോഗസ്ഥർ കണ്ടെത്തിയത് ബ്ലാക്ക് മാജിക്ക്, ഹിഡൻ കാമറ തുടങ്ങി കുട്ടി പരീക്ഷിക്കാതെ മാറ്റി വെച്ച ചെപ്പടി വിദ്യകളാണ്. ചോദ്യം ചെയ്തപ്പോൾ കുട്ടി കാര്യം പോലീസിനോട് സമ്മതിക്കുകയും ചെയ്തു.