‘മെമ്പർ മാമാ’ ഞങ്ങൾ മറക്കില്ല, ഈ കരുതൽ..

വിളപ്പിൽ: ആഡിറ്റോറിയത്തിലും ഓഫീസ് കെട്ടിടത്തിൻ്റെ ഇടനാഴിയിലും മാവിൻ ചുവട്ടിലുമിരുന്ന് പഠിച്ച കുട്ടികൾ ഇനി പുതിയ ക്ലാസ് മുറികളിലേക്ക്. വിളപ്പിൽശാല ഗവ. യുപി സ്കൂളിലെ കുട്ടികൾക്ക് പ്രവേശനോത്സവ ദിവസം അവരുടെ സ്വന്തം ‘മെമ്പർ മാമൻ്റെ’ പരിശ്രമത്തിൽ പണിത 6 പുത്തൻ ക്ലാസ് മുറികളാണ് സമ്മാനമായി കിട്ടിയത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണനാണ് സ്വകാര്യ കമ്പനിയുടെ സഹായത്തോടെ സ്കൂളിൽ പഠനമുറികൾ ഒരുക്കിയ കുട്ടികളുടെ ആ ‘മെമ്പർ മാമൻ.’

ഈ വർഷത്തെ ആദ്യസ്കൂൾ ദിനത്തിൽ കിട്ടിയ മധുരത്തിൽ ഇത്തിരി നുള്ളിയെടുത്ത് കുട്ടികൾ തങ്ങളുടെ പ്രീയപ്പെട്ട മെമ്പർ മാമന് നൽകിയപ്പോൾ അത് സ്നേഹത്തിൽ ചാലിച്ച നന്ദി പ്രകടനമായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡി.ഷാജി, എഇഒ ബീന കുമാരി, എച്ച്എം ഇൻ ചാർജ് പത്മകുമാരി, പിറ്റിഎ പ്രസിഡൻ്റ് ജയകുമാർ എന്നിവരൊക്കെ കുട്ടികളുടെ സ്നേഹപ്രകടനത്തിന് സാക്ഷികളായി.

വിളപ്പിൽ സ്കൂളിൽ പുതിയ മന്ദിരം നിർമ്മിക്കാൻ പഴയ കെട്ടിടം മൂന്ന് വർഷം മുമ്പ് പൊളിച്ചു മാറ്റിയിരുന്നു. ഇവിടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടേയുള്ളു. പഴയ ഓടുമേഞ്ഞ കെട്ടിടത്തിൽ ഉണ്ടായിരുന്ന ക്ലാസ് മുറികൾ മറ്റൊരിടത്തേക്ക് മാറ്റാൻ കഴിയാതെ വിഷമിക്കുകയായിരുന്നു അധ്യാപകർ.

പ്രശ്നം ശ്രദ്ധയിൽപെട്ട വിളപ്പിൽ രാധാകൃഷ്ണൻ ഗുജറാത്ത് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യുവ അൺ സ്റ്റോപ്പബിൾ എന്ന കമ്പനിയ സമീപിച്ചത്. കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടിയ 59 ലക്ഷം വിനിയോഗിച്ച് സ്കൂളിലെ പ്രധാന കെട്ടിടത്തിന് മുകളിൽ ആധുനീക സൗകര്യങ്ങളോടെ 6 ക്ലാസ് മുറികൾ നിർമ്മിച്ചു. പഞ്ചായത്തിൻ്റേയും ടെറുമോ പെൻപോൾ കമ്പനിയുടേയും സഹകരണത്തോടെ ഫർണിച്ചറും വാങ്ങിനൽകി. 6 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ ഈ ക്ലാസ് മുറികളിൽ ഇരുന്നാണ് ഇനി കുട്ടികളുടെ പഠനം.

Related Articles

Back to top button