മൃതദേഹങ്ങള്‍ വൃത്തിയാക്കാനും ഇന്‍ക്വസ്റ്റിന് പൊലീസിനെ സഹായിക്കാനുമായി ദുരന്തഭൂമിയിലുള്ളത് നെഞ്ചുറപ്പുള്ള 30 പെണ്ണുങ്ങള്‍….
ഹൃദയം തകരുന്ന കാഴ്ച്ചകളാണ് ഓരോദിവസവും ദുരന്തഭൂമിയില്‍ നിന്നും വരുന്നത്. എന്നാല്‍ അതിനിടെ മാതൃകയാവുകയാണ് 30 സ്ത്രീകളുടെ ദുരന്തഭൂമിയിലെ പ്രവര്‍ത്തനം.ചാലിയാറില്‍ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് നടക്കുന്നത്. ഇവിടെയാണ് കരുത്തിന്റെ പ്രതീകങ്ങളായി ഈ പെണ്ണുങ്ങള്‍ നിലകൊള്ളുന്നത്. മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടത്തിനും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുമാണ് ഇവര്‍ സഹായം നല്‍കുന്നത്. ടീം വെല്‍ഫെയറിന്റെ ഐഡിയല്‍ റിലീഫിന്റെ അംഗങ്ങളായ സ്ത്രീകളാണ് ആശുപത്രിയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ചാലിയാര്‍ പുഴയില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. ഇത് ആശുപത്രിയുടെ ഇന്‍ക്വസ്റ്റ് മുറിയില്‍ എത്തിക്കുന്നതു മുതല്‍ തുടങ്ങും ഇവരുടെ ചുമതല. മുറിവുകള്‍ കണ്ടെത്താനും അളവെടുക്കാനും മറ്റും പൊലീസിനെ സഹായിക്കും. പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനു മുന്‍പ് ശരീരവും ശരീര ഭാഗങ്ങളും വൃത്തിയാക്കും. കൂടാതെ പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ആശുപത്രിയില്‍ സൂക്ഷിക്കുന്നതും ഇവരാണ്.
തങ്ങളുടെ പ്രിയപ്പെട്ടവരുടേത് എന്നപോലെ ഏറെ ബഹുമാനത്തോടെയാണ് മൃതദേഹ ഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നാണ് ടീം വെല്‍ഫയറിന്റെ നേതാവായ ഹസീന വഹാബ് പറയുന്നത്. ‘ഹൃദയം തകര്‍ക്കുന്നതാണ് മൃതശരീരത്തിന്റെ കാഴ്ചകള്‍. ഇന്‍ക്വസ്റ്റ് നടപടികളില്‍ പൊലീസിനെ സഹായിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടായതിനാലാണ് ഞങ്ങള്‍ ഇതിന് തയാറായത്. ഞങ്ങളുടെ സംഘടനകള്‍ക്ക് കീഴിലുള്ള ഞങ്ങളുടെ പരിശീലനം അത്തരം ഹൃദയഭേദകമായ സാഹചര്യങ്ങള്‍ക്ക് ഞങ്ങളെ സജ്ജമാക്കുന്നതാണ്.’ – ഹസീന കൂട്ടിച്ചേര്‍ത്തു. 30 അംഗ വനിത അംഗങ്ങളെ കൂടാതെ സംഘടനയുടെ ഭാഗമായ നിരവധി പുരുഷ അംഗങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നുണ്ട്.