മൃഗബലി നടത്തിയിട്ടില്ല..ക്ഷേത്രത്തെ വലിച്ചിഴച്ചത് മോശമായിപ്പോയി..ഡി കെ ശിവകുമാറിന്റെ പ്രസ്താവന തള്ളി രാജരാജേശ്വര ക്ഷേത്രം…
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ക്ഷേത്രത്തില്‍ മൃഗബലി അടക്കമുള്ള പൂജകള്‍ നടന്നു എന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവന തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം.ബ്രാഹ്മണ പൂജ മാത്രം നടക്കുന്ന ക്ഷേത്രമാണിത്.ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ ഇല്ലെന്നും ക്ഷേത്രം ഭരണസമിതി പറഞ്ഞു. ക്ഷേത്രത്തിലോ പരിസരത്തോ മൃഗബലി നടത്തിയിട്ടില്ലെന്നും സമിതി വ്യക്തമാക്കി.ക്ഷേത്രത്തിനെ ഇതിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും ക്ഷേത്രം ഭരണസമിതി പ്രതികരിച്ചു.കൂടാതെ മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും മൃഗബലി ഇല്ലെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.
കയ്യിലെ ചരടുകളുടെ എണ്ണം കൂടി വരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് തനിക്കെതിരെ കണ്ണൂരിലെ ഒരു ക്ഷേത്രത്തിന് സമീപം ശത്രു സംഹാര പൂജയും മൃഗബലിയും അടക്കം നടത്തിയിരുന്നതായി ഡി കെ ശിവകുമാര്‍ വെളിപ്പെടുത്തിയത്.ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ക്ഷേത്രം ഭരണസമിതി രംഗത്തെത്തിയത്.