മൂർഖനുമായി കനത്ത പോരാട്ടം, യജമാനനേ കാത്തു, കടിയേറ്റ് 3 പൊമറേനിയൻ നായ്ക്കൾ ചത്തു
വീടിനുള്ളിലേക്കു കടക്കാൻ ശ്രമിച്ച മൂർഖനെ ചെറുത്തു തോൽപിച്ച് പൊമറേനിയൻ വളർത്തുനായ്ക്കൾ. മൂർഖനുമായുള്ള പോരാട്ടത്തിനിടെ കടിയേറ്റ മൂന്ന് നായക്കൾ ചത്തു. പരുക്കേറ്റ നാലുനായ്ക്കൾ അവശ നിലയിലാണ്.
മുട്ടുചിറ കുന്നശ്ശേരിക്കാവിനു സമീപം പന്തീരുപറയിൽ പി.വി.ജോർജിന്റെ വീട്ടിലെ മൂന്ന് വളർത്തു നായ്ക്കളാണു മൂർഖന്റെ വിഷമേറ്റു ചത്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. പറമ്പിൽ നിന്നു ഭീമൻ വെള്ള മൂർഖൻ വീടിനുള്ളിലേക്കു കയറാൻ ശ്രമിച്ചു. ഈ സമയം വീട്ടിലെ ഏഴ് നായ്ക്കളെയും മുറ്റത്ത് അഴിച്ചുവിട്ടിരിക്കുകയായിരുന്നു. മൂർഖൻ പത്തി വിടർത്തി ഇഴഞ്ഞുവരുന്നതു കണ്ട് നായ്ക്കൾ ബഹളം വയ്ക്കുകയും മൂർഖനെ തടയാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിൽ മൂർഖൻ മുറ്റത്തെ വിറകിനടിയിൽ ഒളിച്ചു. മുറ്റത്തെ ബഹളം കേട്ട് ജോർജും മക്കളും മുറ്റത്ത് ഇറങ്ങിയെങ്കിലും നായ്ക്കൾ വീട്ടുകാരെ പാമ്പിന്റെ അരികിലേക്ക് അടുപ്പിക്കാതെ തടഞ്ഞു.
തുടർന്നു നായ്ക്കൾ വിറകിനടിയിൽ കയറി പാമ്പിനെ കടിച്ചു കുടഞ്ഞു. പാമ്പ് മുറ്റത്തേക്കു പാഞ്ഞതോടെ നായ്ക്കൾ കൂട്ടത്തോടെ കുരച്ചു കൊണ്ട് പിന്നാലെ ഓടി. പിന്നെ പൊരിഞ്ഞ പോരാട്ടമായിരുന്നു. നായ്ക്കൾ വീണ്ടും പാമ്പിനെ കടിച്ചു കുടഞ്ഞു. ഇതിനിടയിൽ മൂന്ന് നായ്ക്കൾക്കു മൂർഖന്റെ കടിയേറ്റു. വിഷം ഏറ്റ നായ്ക്കൾ താമസിയാതെ ചത്തുവീണു. നായ്ക്കളുടെ കടിയേറ്റ മൂർഖനും ചത്തു. പരുക്കേറ്റ 4 നായ്ക്കളിൽ ഒന്നിന്റെ കണ്ണ് പാമ്പിന്റെ വാലു കൊണ്ടുള്ള അടിയേറ്റു തകർന്നു. മറ്റു നായ്ക്കളും അവശനിലയിലാണ്. ഇവയ്ക്കു ചികിത്സ നൽകി.