മൂവാറ്റുപുഴയില്‍ 9 പേരെ ആക്രമിച്ച വളര്‍ത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു….

മൂവാറ്റുപുഴയിൽ ഒൻപത് പേരെ അക്രമിച്ച വളര്‍ത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ ഇന്നലെ ചത്തിരുന്നു. ഇതിനുപിന്നാലെ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി മൂവാറ്റപുഴ നഗരസഭയില്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നു.നായയുടെ കടിയേറ്റവര്‍ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു. കടിയേറ്റവര്‍ക്ക് ഇതിനോടകം രണ്ടു തവണ വാക്സിനേഷൻ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കടിയേറ്റവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. കൗണ്‍സില്‍ യോഗത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു.

പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂവാറ്റുപുഴ നഗരസഭയിലെ മുഴുവൻ തെരുവ് നായകൾക്കും നാളെയും മറ്റന്നാളുമായി വാക്സിനേഷൻ നൽകുമെന്ന് നഗരസഭ ചെയർമാൻ പി പി എൽദോസ് പറഞ്ഞു. നായ സഞ്ചരിച്ച പ്രദേശത്തെ നായകള്‍ക്കും വാക്സിൻ നല്‍കും. നഗരസഭ അടിയന്തര യോഗത്തിനുശേഷമാണ് തെരുവ് നായകള്‍ക്ക് കുത്തിവെപ്പ് നല്‍കാൻ തീരുമാനിച്ചത്. നാളെ രാവിലെ 6 മണിയോടെ വാക്സിനേഷൻ ആരംഭിക്കും. ഇതിനായി കോട്ടയത്ത് നിന്നും പ്രത്യേകസംഘം രാവിലെ എത്തും. പേ വിഷബാധ ഏറ്റവും നായയുടെ സാന്നിധ്യം ഉണ്ടായ നാലു വാർഡുകളിലെ തെരുവ് നായകളെ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി നിരീക്ഷിക്കുമെന്നും പിപി എല്‍ദോസ് പറഞ്ഞു.

ഇന്നലെ മൂവാറ്റുപുഴ നഗരസഭയുടെ സംരക്ഷണ കേന്ദ്രത്തിൽ നിരീക്ഷിച്ചു വരികെയാണ് നായ ചത്തത്. നായയുടെ കടിയേറ്റവരും നിരീക്ഷണത്തിൽ കഴിയുകയാണ്. നായക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പെടുക്കാത്തതിനെ തുടർന്ന് ഉടമയ്ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

Related Articles

Back to top button