മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍…..
മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ കണ്ടെത്തിയത് മെറ്റല്‍ ക്ലിപ്പുകള്‍. ഈജിപ്തിലാണ് സംഭവം. വിശദമായ പരിശോധന നടത്തിയ ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയയിലൂടെ അഞ്ച് മെറ്റല്‍ ക്ലിപ്പുകളാണ് പുറത്തെടുത്തത്.
മന്‍സൂറയിലെ യൂണിവേഴ്സിറ്റി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ജീവന് രക്ഷിച്ചത്. കുഞ്ഞിന്റെ പ്രായത്തിനൊപ്പം മൂന്ന് സെന്റീമീറ്റര്‍ നീളമുള്ള കൂര്‍ത്ത അഗ്രങ്ങളുള്ള മെറ്റല്‍ ക്ലിപ്പുകളുടെ അപകടസാധ്യതയും ഡോക്ടര്‍മാര്‍ക്ക് വെല്ലുവിളിയായി. മെറ്റലിന്റെ കൂര്‍ത്ത മുനകൊണ്ട് വയറ്റിലോ ഈസോഫാഗസിലോ മുറിവുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അറിയാന്‍ വിശദമായ പരിശോധനകള്‍ നടത്തിയിരുന്നു.
എക്സ്റേയും സിറ്റി സ്കാനും നടത്തി. തുടര്‍ന്നാണ് കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മൂന്നു വയസ്സുള്ള സഹോദരിയുടെ അടുത്ത് കുറച്ചു സമയത്തേക്ക് കുഞ്ഞിനെ നിര്‍ത്തിയ ശേഷം അമ്മ സ്ഥലത്ത് നിന്ന് മാറിയിരുന്നു. ഈ സമയം കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരി കുഞ്ഞിന്റെ വായില്‍ കര്ട്ടന് ഹുക്കുകള്‍ ഇടുകയായിരുന്നെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ മെഡിക്കല്‍ സംഘത്തിന് സാധിച്ചു.