മൂന്നാം മോദി സർക്കാരിന്റെ 100-ാം ദിനത്തിൽ മണിപ്പൂർ കലാപത്തെ കുറിച്ച് ചോദ്യം… പ്രകോപിതനായി അമിത് ഷാ..
മണിപ്പൂർ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദില്ലിയിൽ മൂന്നാം മോദി സർക്കാരിൻറെ 100 ദിവസത്തെക്കുറിച്ച് വിശദീകരിക്കാൻ അമിത് ഷാ വിളിച്ച വാർത്താ സമ്മേളനത്തിലാണ് മണിപ്പൂരിനെക്കുറിച്ചുള്ള ചോദ്യം ഉയർന്നത്. ബീരെൻ സിംഗ് മുഖ്യമന്ത്രിയായി തുടരുന്നത് എന്തുകൊണ്ട് എന്നാരാഞ്ഞപ്പോൾ നിങ്ങൾക്ക് ചോദിക്കാം എന്നാൽ തർക്കിക്കേണ്ട എന്നായിരുന്നു അമിത് ഷായുടെ മറുപടി. മണിപ്പൂരിൽ രണ്ടു വിഭാഗവുമായും ചർച്ചകൾ തുടരുകയാണെന്നും അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി മണിപ്പൂരിൽ പോകാനുള്ള തീരുമാനം എടുക്കുമോ എന്ന ചോദ്യത്തിന് എന്തെങ്കിലും തീരുമാനിച്ചാൽ നിങ്ങളറിയും എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. സംസ്ഥാനത്ത് ശാശ്വത സമാധാനത്തിനായി കേന്ദ്ര സർക്കാർ ഇരുവിഭാഗങ്ങളുമായി ചർച്ചയിലാണെന്നും അമിത് ഷാ വ്യക്തമാക്കി.