മുൻ ബി.ജെ.പി നേതാവിനെ ഓഫീസിൽ വിളിച്ചുവരുത്തി കൈ തല്ലിച്ചതച്ചതായി പരാതി
തിരുവനന്തപുരം: ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് മുൻ ബി.ജെ.പി നേതാവിനെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി കൈ തല്ലിച്ചതച്ചതായി പരാതി. ശ്രീകാര്യം സ്വദേശി സായി പ്രശാന്തിൻ്റെ കൈകളാണ് തല്ലിച്ചതച്ചത്. ശ്രീകാര്യം പൊലീസിൽ സായി പ്രശാന്ത് പരാതി നൽകി. ബി.ജെ.പി കഴക്കൂട്ടം മണ്ഡലം ഭാരവാഹികൾ പൗഡിക്കോണത്തെ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി വിചാരണ ചെയ്തതിന് ശേഷമാണ് പട്ടിക കഷ്ണം ഉപയോഗിച്ച് കൈ തല്ലിച്ചതച്ചതെന്ന് പരാതിയിൽ പറയുന്നു. വിചാരണയും അക്രമവും നടത്തിയത് ബി.ജെ.പി കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് ബി.ജെ.വിഷ്ണു, വൈസ് പ്രസിഡൻറ് ഹരി എന്നിവരുടെ നേതൃത്വത്തിലാണെന്നും സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റും കമന്റുമാണ് ബി.ജെ.പി നേതാക്കളെ പ്രകോപിച്ചത് എന്നും പരാതിയിലുണ്ട്. അതേസമയം, സായി പ്രശാന്ത് പാർട്ടി ഓഫീസ് ആക്രമിച്ചെന്ന് ബി.ജെ.പി കഴക്കൂട്ടം മണ്ഡലം ഭാരവാഹികൾ ശ്രീകാര്യം പൊലീസിൽ മറുപരാതി നൽകി.