മുഹമ്മദ് ഷിയാസും മാത്യു കുഴൽനാടൻ എംഎൽഎയും ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ല….
എറണാകുളം: ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും മാത്യു കുഴൽനാടൻ എംഎൽഎയും ഇന്ന് കോതമംഗലം പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ല. അടുത്തയാഴ്ച്ച ഹാജരാകാമെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. സ്റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ച് ഷിയാസിന് പൊലീസ് ഇന്നലെ നോട്ടിസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും തിങ്കളാഴ്ച്ച ഹാജരാകാമെന്നും അഭിഭാഷകൻ വഴി ഷിയാസ് പൊലീസിനെ അറിയിക്കുകയായിരുന്നു.
ഷിയാസിന് എതിരെ എടുത്ത നാലുകേസിലും ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്നു പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നു നിർദേശം നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നു മാത്യു കുഴൽനാടൻ എംഎൽഎയും പൊലീസിനെ അറിയിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചതിനെ തുടർന്നായിരുന്നു കോതമംഗലത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്.