മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം…
കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തിൽ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം. തന്നെ പൊലീസ് നിരന്തരമായി വേട്ടയാടുകയാണെന്ന് ആരോപിച്ച് ഷിയാസ് നൽകിയ ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമർശനം. പ്രതിഷേധത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചില്ലേ എന്ന് ഹൈക്കോടതി ആരാഞ്ഞു. അതിന് കേസ് എടുക്കരുതെന്ന് പറയാൻ കഴിയുമോ? മോർച്ചറിയിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് കൊണ്ടുപോയത് സമ്മതമില്ലാതെയല്ലേയെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ലേ പ്രതിഷേധം സംഘടിപ്പിച്ചതെന്നും കോടതി ആരാഞ്ഞു. തനിക്കെതിരെ 4 കേസുകൾ പൊലീസ് എടുത്തിട്ടുണ്ടെന്ന് ഷിയാസ് കോടതിയിൽ പറഞ്ഞു. എന്നാൽ പ്രശ്നത്തിൽ കോടതിയെ സമീപിക്കാമായിരുന്നല്ലോയെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണണിക്കും.