മുഴങ്ങുമോ, നെയ്യാറിൽ സിംഹഗർജ്ജനം
തിരുവനന്തപുരം: വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായിരുന്ന നെയ്യാർ ലയൺ സഫാരി പാർക്ക് ഇപ്പോൾ ഓർമ്മ മാത്രം. നെയ്യാർഡാമിലെ മരക്കുന്നം ദ്വീപിൽ 1985 ലാണ് പാർക്ക് ആരംഭിച്ചത്. നാലിൽ തുടങ്ങി 16 സിംഹങ്ങൾ വരെ ഇവിടെ ഗർജ്ജനം മുഴക്കി സഞ്ചാരികളുടെ മനം കവർന്നിരുന്നു. 2005 ൽ സിംഹങ്ങളുടെ വംശവർധന തടയുന്നതിനും, ചിലവ് ചുരുക്കുന്നതിനും സിംഹങ്ങൾക്ക് വന്ധീകരണം നടത്തിയതോടെ ഓരോന്നായി ചത്തുവീണു. അവശേഷിച്ച അവസാന പെൺസിംഹം ബിന്ദുവും 2021 ൽ ചത്തതോടെ ഭാരതത്തിലെ ആദ്യ ലയൺ സഫാരി പാർക്കിന് പൂട്ടുവീണു.
സിംഹങ്ങളെ കാലപുരിക്കയച്ചതോടെ താഴുവീണത് ചരിത്രത്തിൽ ഇടം നേടിയ സിംഹ സഫാരി പാർക്കിന്. അധികൃതരുടെ മണ്ടൻ തീരുമാനങ്ങളും, പരിചരണത്തിലെ പോരായ്മകളുമൊക്കെ സിംഹങ്ങളുടെ ചാവിന് കാരണമായെന്നാണ് മൃഗസ്നേഹികളുടെ ആക്ഷേപം. ഇപ്പോൾ നെയ്യാർഡാം ലയൺ സഫാരി പാർക്കിൽ സിംഹഗർജ്ജനം വീണ്ടും മുഴങ്ങുവാൻ ഒരു സാധ്യത തെളിയുന്നുണ്ട്. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പന്ത ശ്രീകുമാർ പാർക്ക് തുറക്കുവാൻ കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ഇടപെടൽ തേടിയിട്ടുണ്ട്. സുരേഷ്ഗോപി കേന്ദ്ര സൂ മന്ത്രാലയത്തിൽ പ്രശ്നം അവതരിപ്പിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ഇതോടെ അടഞ്ഞുകിടക്കുന്ന പാർക്ക് വീണ്ടും തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഗ്രാമം.