മുല്ലപ്പെരിയാർ..കേരളത്തിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം…

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ കർഷക സംഘടനകൾ രംഗത്ത്.. കേരള – തമിഴ്നാട് അതിർത്തിയിലെ കുമളിക്ക് സമീപം ലോവർ ക്യാമ്പിൽ കർഷകർ മാർച്ച് നടത്തി. പെരിയാർ വൈഗ ഇറിഗേഷൻ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നടപടികൾക്കെതിരെയാണ് പ്രതിഷേധം.
മുല്ലപ്പരിയാ‍റിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ ഒരു മാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചിരുന്നു. പഴയ അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാത പഠനം നടത്താൻ അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയും ചെയ്തു.

തമിഴ്നാടിന് ആവശ്യമായ വെള്ളം നൽകിക്കൊണ്ട് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനെതിരെയാണ് തമിഴ്നാട്ടിലെ ഒരു വിഭാഗം കർഷക സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. ബേബി ഡാമിനു സമീപമുള്ള മരങ്ങൾ മുറിച്ച് നിലവിലെ അണക്കെട്ട് ബലപ്പെടുത്തുക, തേക്കടി ആനവച്ചാൽ പാർക്കിംങ്ങ് ഗ്രൗണ്ട് വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധം. പുതിയ അണക്കെട്ടെന്ന തീരുമാനം ഉപേക്ഷിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. അതേ സമയം കേരളത്തിന്റെ ആവശ്യത്തിൽ തമിഴ്നാട് അനുകൂല തീരുമാനം എടുക്കുമെന്നാണ് സംസ്ഥാന സർക്കാരിൻ്റെ പ്രതീക്ഷ

Related Articles

Back to top button