മുല്ലപ്പൂ… ഇനി മുഴത്തിന് വിൽക്കണ്ട….
പതിവായി മുഴം അളവിലാണ് മല്ലപ്പൂ വിൽപന നടത്തുന്നതും ആവശ്യക്കാർ വാങ്ങുന്നതും. കൈമുട്ട് മുതൽ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴം. എന്നാൽ മുഴം കണക്കിൽ മുല്ലപ്പൂ വിറ്റതിന്റെ പേരിൽ തൃശ്ശൂരിൽ പൂക്കടയ്ക്ക് പിഴ ഈടാക്കി ലീഗൽ മെട്രോളജി വകുപ്പ്. തൃശ്ശൂര്‍ കിഴക്കേക്കോട്ടയിലെ പൂക്കടയ്ക്കാണ് മുല്ലപ്പൂമാല മുഴം കണക്കിൽ വിറ്റതിന് 2,000 രൂപ പിഴയിട്ടത്.
മുഴം എന്നത് അളവുകോല്‍ അല്ലെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് നൽകുന്ന വിശദീകരണം. മുല്ലപ്പൂമാലയാണെങ്കിൽ സെന്റീമീറ്റർ, മീറ്റർ എന്നിവയിലും പൂക്കളാണെങ്കിൽ ഗ്രാം, കിലോ ഗ്രാമിലുമാണ് അളക്കേണ്ടത് എന്നാണ് മാനദണ്ഡം.
മുഴം കണക്കിൽ വിൽപന നടത്തുമ്പോൾ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നുവെന്നതാണ് നടപടിയെടുക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വരും ദിവസങ്ങളിൽ പരിശോധന തുടരാനാണ് തീരുമാനം.
അതേസമയം, ലീഗൽ മെട്രോളജി വകുപ്പിന്റെ നടപടിക്കെതിരെ സോഷ്യൽമീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. തുച്ഛമായ വരുമാനം മാത്രം ലഭിക്കുന്ന മുല്ലപ്പൂ കച്ചവടത്തിൽ ആരാണ് ഉപഭോക്താക്കളെ വഞ്ചിച്ച് കോടികൾ നേടുന്നത് എന്നാണ് പ്രധാന ചോദ്യം.