മുണ്ടക്കൈ ദുരന്തം…മൂന്നാം ദിനവും ദൗത്യം തുടങ്ങി….
വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്നാം ദിനവും ദൗത്യം തുടങ്ങി. രക്ഷാപ്രവർത്തനത്തിനായി സൈന്യം പുറപ്പെട്ടു. മുണ്ടക്കൈ ഭാഗത്തേക്കാണ് സൈന്യം നടന്ന് നീങ്ങുന്നത്. ഇവർക്കൊപ്പം ഡോഗ് സ്ക്വാഡും ഉണ്ട്. രാത്രിയിലും തുടർന്ന രക്ഷാപ്രവർത്തനമാണ് ഇന്ന് രാവിലെയോടെ വീണ്ടും ആരംഭിച്ചത്. അതിരാവിലെ തന്നെ രക്ഷാദൗത്യം തുടരുകയാണ്.
ചൂരൽ മലയിൽ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാൽ പാലത്തിൻ്റെ തൂൺ സ്ഥാപിക്കുന്നതിൽ പ്രയാസമുണ്ട്. അതാണ് പാലത്തിൻ്റെ പണി വൈകാൻ കാരണം. പുഴയിൽ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിൻ്റെ ബലമുറപ്പിക്കാനുള്ള തൂൺ സ്ഥാപിക്കാനാണ് സൈന്യത്തിൻ്റെ ശ്രമം. രാവിലെയോടെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്. എങ്കിലും ഉച്ചയോടെ മാത്രമേ പാലത്തിന് മുകളിൽ ഇരുമ്പ് തകിടുകൾ വിരിക്കാനാവൂ. അതിന് ശേഷമേ വാഹനങ്ങൾക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവൂ.