മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് യുവാക്കള്‍ ബൈക്കുകള്‍ ഓടിച്ചുകയറ്റി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിനിടയിലേക്ക് യുവാക്കള്‍ ബൈക്കുകള്‍ ഓടിച്ചുകയറ്റി.

ജനറല്‍ ആശുപത്രി-എകെജി സെന്റര്‍ റോഡിലായിരുന്നു സംഭവം. മുഖ്യമന്ത്രി ഇതു വഴി കടന്നു പോകുന്നതിനാല്‍ മറ്റു വാഹനങ്ങളെല്ലാം ഇവിടെ തടഞ്ഞിട്ടിരുന്നു. അപ്പോഴാണു പത്തോളം ബൈക്കുകള്‍ ചീറിപ്പാഞ്ഞ് ഇതിനിടയിലേക്ക് എത്തിയത്. ബെെക്കുകളില്‍ ചുവന്ന കൊടി കെട്ടിയിട്ടുണ്ടായിരുന്നു. ഇത് കണ്ട പൊലീസുകാര്‍ കരുതിയത് സിപിഎം പ്രവര്‍ത്തകരോ അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയവരോ ആണെന്നാണ്. ഇത് കരുതി വാഹനങ്ങള്‍ തടയാതിരുന്ന പൊലീസിനാണ് പണി കിട്ടിയത്. സംഭവത്തില്‍ സുരക്ഷാവീഴ്ചയെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

നഗരത്തിലെ ഒരു ഹോട്ടലിന്റെ പരസ്യ പ്രചാരണത്തിന് എത്തിയതായിരുന്നു ഈ ബൈക്കുകള്‍. ചുവന്ന കൊടി കണ്ട് തെറ്റിദ്ധരിച്ച പൊലീസ് ഈ ബൈക്കുകള്‍ കടത്തിവിട്ടു.
ബെെക്കുകള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹം കടന്ന് അദ്ദേഹത്തിന്റെ കാറിനു തൊട്ടടുത്ത് എത്തിയപ്പോഴാണ് ഇവര്‍ ഹോട്ടലിന്റെ പരസ്യക്കാരാണെന്നു പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് എംഎല്‍എ ഹോസ്റ്റലിനു മുന്‍പില്‍ പൊലീസ് ബൈക്കുകാരെ തടഞ്ഞു നിര്‍ത്തി താക്കീതു നല്‍കിയ ശേഷം വിട്ടയച്ചു. ഹോട്ടലിന്റെ പ്രചാരണത്തിനായി മുന്‍കൂട്ടി അറിയിച്ചാണു ബൈക്ക് റാലി നടത്തിയതെന്നു സംഘാടകര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button