മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗം; പരാതിയില്‍ ഹൈക്കോടതി അടുത്ത മാസം വാദം കേള്‍ക്കും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയുടെ മൂന്നംഗബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നും പുനര്‍വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് ആര്‍എസ് ശശി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സെപ്റ്റംബര്‍ 24 ന് വാദം കേള്‍ക്കും. ലോകായുക്തയിലെ പരാതിക്കാരന്‍കൂടിയാണ് ശശികുമാര്‍.
മുഖ്യമന്ത്രി പിണറായി വിജയനെയും ഒന്നാം പിണറായി സര്‍ക്കാരിലെ 17 മന്ത്രിമാരെയും ചീഫ് സെക്രട്ടറിയേയും എതിര്‍കക്ഷികളാക്കി വാദംകേള്‍ക്കാന്‍ ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.
ജനുവരിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും ചീഫ് സെക്രട്ടറിക്കും നോട്ടീസ് അയക്കുവാന്‍ കോടതി ഉത്തരവിട്ടിരുന്നു. മന്ത്രിമാരായിരുന്ന മാത്യു ടി തോമസ്, കെ രാജു, ടി പി രാമകൃഷ്ണന്‍ ഇപ്പോഴത്തെ മന്ത്രിയായ കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നോട്ടീസ് കൈപ്പറ്റാത്തതുകൊണ്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെച്ചിരുന്നു. എന്നാല്‍ കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഇവര്‍ നാലു പേരും നോട്ടീസ് കൈപ്പറ്റിയതായി കണക്കാക്കി ഹര്‍ജിയില്‍ വാദം കേള്‍ക്കുവാന്‍ ഇന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു.