മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ചിത്രത്തിന്റെ ടീം..
വയനാട് ഉരുൾപൊട്ടലിൽ ദുരിത ബാധിതരുടെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സിനിമ പ്രവർത്തകർ. ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സമാഹരിച്ച ഒരു ലക്ഷത്തി അൻപതിനായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
ചിത്രത്തിന്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും ചേർന്നാണ് കൊച്ചി കളക്ടർക്ക് അവരുടെ സംഭാവന കൈമാറിയത്. സംവിധായകൻ എം എ നിഷാദ്, നടന്മാരായ ഷഹീൻ സിദ്ദിഖ്,ബിജു സോപാനം, കൈലാഷ്,പ്രശാന്ത് അലക്സാണ്ടർ, സുന്ദർ നടി പൊന്നമ്മ ബാബു, ചിത്രം നിർമ്മിക്കുന്ന ബെൻസി പ്രൊഡക്ഷൻസിന്റെ പ്രതിനിധികൾ എന്നിവരാണ് തുക കൈമാറാൻ എത്തിയത്.
പിന്നാലെ ഈ വിവരം എറണാകുളം കളക്ടർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ചിത്രത്തോടൊപ്പം പങ്കുവച്ചു. “വയനാടിന് ഒരു കാരുണ്യ സ്പർശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ‘ഒരു അന്വേഷണത്തിൻ്റെ തുടക്കം’ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ സമാഹരിച്ച 105000 രൂപ സംവിധായകൻ എം.എ. നിഷാദിൽ നിന്ന് സ്വീകരിച്ചു” , എന്നായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾനാസർ നിർമിച്ച് എം.എ.നിഷാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. ഷൈൻ ടോം ചാക്കോ,മുകേഷ്, വാണി വിശ്വനാഥ്, സമുദ്രകനി,അശോകൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്.