മുംബൈ പൊലീസാണെന്ന വ്യാജേന മട്ടന്നൂർ സ്വദേശിയിൽ നിന്നും മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു…
മുംബൈ പൊലീസാണെന്ന വ്യാജേന ഫോൺ ചെയ്ത് മട്ടന്നൂർ സ്വദേശിയിൽ നിന്നും 3,54,478 രൂപ തട്ടിയെടുത്തതായി പരാതി. പരാതിക്കാരന്റെ പേരിൽ ഒരു കൊറിയർ ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അതിൽ നിങ്ങളുടെ പേരിലുള്ള കാലാവധി കഴിഞ്ഞ പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, മാരക മയക്കുമരുന്നായ എം.ഡി.എം.എ എന്നിവ അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുബൈ പൊലീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ ഫോൺ വിളിക്കുകയായിരുന്നു.
ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്‌റ് ആവശ്യപ്പെടുകയും പരാതിക്കാരന്റെ അക്കൗണ്ടിലെ പണം ആർ.ബി.ഐ വെരിഫിക്കേഷനു വേണ്ടി അയാൾ പറയുന്ന അക്കൗണ്ടിലേക്ക് അയച്ചു നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. അത് വിശ്വസിച്ച പരാതിക്കാരൻ 3,54.478 രൂപ നൽകുകയായിരുന്നു. പിന്നീട് ഇത് ഒരു തട്ടിപ്പാണെന്ന് മനസ്സിലായതോടെയാണ് പൊലീസിൽ പരാതി നൽകിയത്.