മിന്നൽ പ്രളയം.. മണാലിയിലേക്കുള്ള ദേശീയ പാത അടച്ചു…

കുളുമണാലി: ഹിമാചലിലെ കുളു ജില്ലയിൽ മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. പ്രളയം കാരണമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ദേശീയ പാത എൻഎച്ച് 03 ലേ-മണാലി റോഡ് അടച്ചു. അപകടത്തിൽ മൂന്ന് വീടുകൾ ഒലിച്ച് പോയി. രണ്ട് വീടുകൾ പൂർണ്ണമായി തകരുകയും ചെയ്തു. പ്രദേശവാസികളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

അതേ സമയം അടൽ ടണലിൻ്റെ നോർത്ത് പോർട്ടൽ വഴി ലാഹൗളിൽ നിന്നും സ്പിതിയിൽ നിന്നും മണാലിയിലേക്ക് പോകുന്ന വാഹനങ്ങൾ റോഹ്താങ്ങിലേക്ക് തിരിച്ചുവിട്ടതായി ലാഹൗൾ, സ്പിതി പൊലീസ് അറിയിച്ചു. അത്യാവശ്യ യാത്രകളൊഴികെ മണാലിയിലേക്കുള്ള എല്ലാ വാഹനങ്ങളും തിരിച്ച് മടങ്ങണമെന്നും നിർദേശമുണ്ട്. ജൂലൈ 28 വരെ അടുത്ത നാല് ദിവസത്തേക്ക് ഹിമാചൽ പ്രദേശിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ 27 ന് കാലവർഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് മഴക്കെടുതിയിൽ 49 പേർ മരിക്കുകയും 389 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായും സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു.

Related Articles

Back to top button