മാവേലിക്കര റെയിൽവേ സ്റ്റേഷൻ വികസനം വിലയിരുത്തി റെയിൽവേ ഡിവിഷനൽ മാനേജർ
മാവേലിക്കര- അമൃതഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഡോ.മനീഷ് തപ്ലയാല്‍ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 6.90 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിലവിൽ നടന്നു വരുന്നത്. ഡിവിഷൻ വർക്കായി ഉടൻതന്നെ മാവേലിക്കരയിൽ ലിഫ്റ്റും യാഥാർത്ഥ്യമാകും. വികസന പ്രവർത്തനങ്ങൾ പൂർണ്ണതയിലേക്ക് എത്തുന്നതോടുകൂടി വിപുലമായ പാർക്കിംഗ് സൗകര്യം, യാത്രക്കാർക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് എന്നിവയും ഉണ്ടാകുമെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചു.
യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകുന്നവിധം സ്റ്റേഷന് കിഴക്ക് വശമുള്ള വഴിയിലേക്ക് നിലവിലുള്ള എഫ്.ഒ.ബി നീട്ടുന്നതിന്റെ സാധ്യതകളെപ്പറ്റി പഠിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി നിർദ്ദേശിച്ചു. അതോടൊപ്പം നിലവിൽ ലൂപ്പ് ലൈനായി ഉപയോഗിക്കുന്ന ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കുന്നതിനായി ലൂപ്പ് ലൈൻ മൂന്നാം പ്ലാറ്റ്ഫോമിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റെയിൽവേയുടെ കയ്യിലുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി മികച്ച സംരംഭകർ ഉണ്ടെങ്കിൽ ദീർഘകാല പാട്ടത്തിന് വിട്ടു നൽകാൻ റെയിൽവേ സന്നദ്ധമാണെന്നും ഡി.ആർ.എം എം.പിയെ അറിയിച്ചു. നിലവിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ പൂർത്തീകരിക്കണമെന്നും എത്രയും വേഗം സ്റ്റേഷന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായി യാത്രക്കാർക്ക് തുറന്നുകൊടുക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും എം.പി അവശ്യപ്പെട്ടു. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നടത്തിയ സന്ദർശനത്തിൽ മാവേലിക്കര മുനിസിപ്പൽ ചെയർമാൻ, കൗൺസിലർമാർ, റെയിൽവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.