മാവേലിക്കര തെക്കേക്കരയിലെ യുവാവിനെ ആക്രമിച്ച് സ്വർണ്ണവും മൊബൈൽ ഫോണും കവർന്നു… കൊയ്പ്പള്ളികാരായ്മ സ്വദേശികൾ പിടിയിൽ….
മാവേലിക്കര- കുറത്തികാട് പൊന്നേഴയിൽ യുവാവിനെ ആക്രമിച്ച് സ്വർണ്ണമാലയും മൊബൈൽ ഫോണും കവർന്ന കേസ്സിലെ പ്രതികൾ അറസ്റ്റിൽ. കൊയ്പ്പള്ളികാരായ്മ പ്ലാക്കോട്ട് തൈക്കതിൽ ശിൽപാലയത്തിൽ രാജന്റെ മകൻ ശ്യാം രാജ് (29), കൊയ്പ്പള്ളികാരായ്മ പ്ലാക്കോട്ട് സുധീഷ് ഭവനത്തിൽ സുധാകരന്റെ മകൻ സുധീഷ് (30), കൊയ്പ്പള്ളികാരായ്മ മുതലശ്ശേരി കിഴക്കതിൽ മോഹനന്റെ മകൻ അജി മോഹൻ (31) എന്നിവരെയാണ് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്.
21ന് രാത്രി 10.30ന് മോട്ടോർസൈക്കിളിലും സ്കൂട്ടറിലുമായി എത്തിയ അഞ്ച് പ്രതികൾ വഴിയരുകിൽ നിൽക്കുകയായിരുന്ന തെക്കേക്കര പൊന്നേഴ കുന്നിൽവീട്ടിൽ സച്ചിൻ സജീവ് (21) എന്ന യുവാവിനെ തടഞ്ഞു നിർത്തിയ ശേഷം ഗുരുതരമായി ദേഹോപദ്രവം ഏൽപിച്ച് കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും കഴുത്തിൽ കിടന്ന ഒന്നര പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയും കവർന്നെടുത്ത് കടന്നുകളയുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കൊയ്പള്ളികാരായ്മ ഭാഗത്ത് വെച്ച് കുറത്തികാട് സി.ഐ പി.കെ.മോഹിതിന്റെ നേതൃത്വത്തിൽ എ.എസ്.ഐ രജീന്ദ്രദാസ്, എസ്.സി.പി.ഓ അരുൺ, ഷാജിമോൻ, സി.പി.ഓ രഞ്ജു, ശ്യാം എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഒളിവിലുള്ള രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി കുറത്തികാട് എസ്.ഐ പി.കെ.മോഹിത് പറഞ്ഞു.