മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഭരണം ഐ ഗ്രൂപ്പ് പിടിച്ചെടുത്തു
മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് മത്സരിച്ച ഐ ഗ്രൂപ്പ് പാനലിന് സമ്പൂർണ്ണ വിജയം. ഐ ഗ്രൂപ്പ് പാനലിൽ മത്സരിച്ച ഇബ്രാഹിംകുട്ടി, ജോൺ.കെ.മാത്യു, നൈനാൻ.സി.കുറ്റിശേരിൽ, മുരളി വൃന്ദാവനം, സൂരജ്.പി.ബി, വനിത വിഭാഗത്തിൽ നിന്ന് രാജലക്ഷ്മി.എസ്, സുനി ആലീസ് ഏബ്രഹാം, നിക്ഷേപക വിഭാഗത്തിൽ നിന്ന് മാത്യു.കെ.വി കണ്ടത്തിൽ, റോബിൻ സാം ജോൺ എന്നിവരാണ് വിജയിച്ചത്. എം.രമേശ്കുമാർ, സുജ നായർ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വനിത വിഭാഗത്തിൽ മത്സരിച്ച രാജലക്ഷ്മി.എസ് 902 വോട്ടുകൾ നേടി മുന്നിലെത്തി. പാനലിലെ മറ്റ് എല്ലാ സ്ഥാനാർത്ഥികൾക്കും 800ന് മുകളിൽ വോട്ട് ലഭിച്ചു.
നിക്ഷേപ കൂട്ടായ്മയുടെ സ്ഥാനാർത്ഥികളായി മത്സരിച്ച ജയകുമാർ.ബി കുറുപ്പിന് 171 വോട്ടുകളും സുരേഷ് കുമാറിന് 148 വോട്ടുകളും മാത്രമേ നേടാനായുള്ളു. എ ഗ്രൂപ്പിൽ നിന്ന് മത്സര രംഗത്തുണ്ടായിരുന്ന ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗ്ഗീസിന് 66 വോട്ടും യു.ഡി.എഫ് ചെയർമാൻ ഗോപന് 61 വോട്ടുകളും മാത്രമാണ് ലഭിച്ചത്.
കോൺഗ്രസിൽ നിന്ന് ചേരിതിരിഞ്ഞ് മത്സരിക്കാനുള്ള ശ്രമത്തിന് നേതൃത്വം പൂട്ടിട്ടിരുന്നു. ഐ ഗ്രൂപ്പ് മത്സരിക്കണമെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ പത്രിക പിൻവലിക്കാൻ സാധിക്കാത്തതുകൊണ്ട് സമ്മതിദായകരെ വിവരം ധരിപ്പിച്ച് എതിർ പാനലിന് വോട്ടുകൊടുപ്പിക്കാനും സ്ഥാനാർത്ഥികൾ ആരെങ്കിലും മത്സരത്തിൽ മുമ്പിൽ വന്നാൽ രാജിവെയ്ക്കുമെന്നുമായിരുന്നു എ ഗ്രൂപ്പ് ധാരണ.