മാവേലിക്കരയിൽ 500ന്‍റെ കള്ളനോട്ടുമായി മുൻ പഞ്ചായത്ത് പ്രസിഡന്‍റും യുവതിയും പിടിയിൽ
മാവേലിക്കര: കള്ളനോട്ട് കേസില്‍ ചാരുംമൂട്ടിൽ മുൻ പഞ്ചായത്ത് പ്രസിഡന്‍റും യുവതിയും പിടിയിൽ. സൂപ്പർ മാർക്കറ്റിലെത്തി സാധനങ്ങൾ വാങ്ങിയ ശേഷം യുവതി നൽകിയ 500ന്‍റെ നോട്ടിൽ ജീവനക്കാരന് സംശയം തോന്നിയതോടെയാണ് പ്രതികൾ പിടിയിലായത്. സംഭവം ഇങ്ങനെ- ചാരുംമൂടിലെ സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ സ്ത്രീ നൽകിയത് 500 രൂപയുടെ കറൻസി നോട്ടായിരുന്നു. നോട്ട് വാങ്ങിയ ജീവനക്കാരന് അപ്പോൾ തന്നെ സംശയം തോന്നി. ഈ സംശയമാണ് കള്ളനോട്ട് കേസ് പുറത്ത് കൊണ്ടുവരുമാനും പ്രതികളിലേക്ക് എത്തിച്ചേരുവാനും സഹായിച്ചത്.ഈസ്റ്റ് കല്ലട പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ക്ലീറ്റസും താമരക്കുളം സ്വദേശിനി ലേഖയുമാണ് പിടിയിലായത്. നോട്ട് കൈമാറിയ താമരക്കുളം സ്വദേശിനി ലേഖയെ നൂറനാട് പൊലീസ് വിശദമായി ചോദ്യം ചെയ്തു. പൊലീസ് നടത്തിയ പരിശോധനയില്‍ സ്ത്രീയുടെ പേഴ്സിൽ നിന്നും 500 രൂപയുടെ കൂടുതല്‍ കള്ളനോട്ടുകൾ കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ കള്ളനോട്ടുകൾ നൽകിയത് ഈസ്റ്റ് കല്ലട പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ക്ലീറ്റസാണെന്ന് മൊഴി നല്‍കി. വീടിനു സമീപത്തു നിന്നും പുലർച്ചെ അറസ്റ്റ് ചെയ്ത ക്ലീറ്റസിന്‍റെ കൈയിൽ നിന്ന് 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തുകയും ചെയ്തു. അടിപിടി, പൊലീസിനെ ആക്രമിക്കൽ, പട്ടികജാതി പീഡനം, വീടുകയറി അതിക്രമം തുടങ്ങി നിരവധി കേസുകൾ ക്ലീറ്റസിനെതിരെ നിലവിലുണ്ട്. പതിനായിരം രൂപയുടെ കള്ളനോട്ട് ആയിരുന്നു ക്ലീറ്റസ് ലേഖക്ക് നൽകിയിരുന്നത്. കഴിഞ്ഞ ഒരുമാസമായി ലേഖ ചാരുംമൂടിലെ കടകളിൽ കയറി ചെറിയ തുകയ്ക്കുള്ള സാധനങ്ങൾ വാങ്ങിയാണ് നോട്ടുകള്‍ ചെലവഴിച്ചിരുന്നത്. സൂക്ഷ്മമായി നോക്കിയാൽ മാത്രം മനസ്സിലാകുന്ന തരത്തിലായിരുന്നു നോട്ടുകളുടെ നിർമ്മാണം. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.