മാവേലിക്കരയിൽ വൃദ്ധന്റെ മരണം കൊലപാതകം… കാരണം യുവതിയുമായുള്ള… കൊലപ്പെടുത്തിയത് യുവതിയുടെ മകൻ…
മാവേലിക്കര: കഴിഞ്ഞ മാസം 16ന് വൈകിട്ട് അവശനായ ഭാസ്കരനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭാസ്കരന്‍ മരത്തിൽ നിന്ന് വീണ് പരിക്കു പറ്റിയെന്നാണ് യുവതി ആശുപത്രിയിൽ അറിയിച്ചത്. നവംബർ 1ന് ഭാസ്കരൻ ആശുപത്രിയിൽ വെച്ച് മരിച്ചു. തുടർന്ന് യുവതി സ്റ്റേഷനിൽ ഹാജരായി അസ്വാഭാവിക മരണത്തിന് മൊഴി നൽകി. അസ്വാഭാവിക മരണമെന്ന് നാട്ടുകാരും ബന്ധുക്കളും വിധിയെഴുതിയ വൃദ്ധന്റെ മരണം കൊലപാതകമെന്ന് തെളിയിച്ചിരിക്കുകയാണ് കുറത്തികാട് പൊലീസ്. 74 വയസുള്ള ഭാസ്കരന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്.ഒരു വർഷകമായി ഓച്ചിറ സ്വദേശിയായ ഭാസ്കരന്‍ പറങ്ങോടി കോളനിയിൽ ഒരു യുവതിയോടൊപ്പം താമസിച്ചു വരികയായിരുന്നു. യുവതി ഇയാളോടൊപ്പം താമസിക്കുന്നതിലുള്ള വിരോധത്തിൽ മകൻ രാജ എന്ന് വിളിക്കുന്ന മൻദീപ് (24) ഭാസ്കരനെ യുവതിയുടെ വീട്ടില്‍ വെച്ച് മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ മാസം 15ന് രാത്രിയിലാണ് സംഭവം നടന്നത്. മൻദീപ് ഭാസ്കരനെ അടിക്കുകയും ചവിട്ടുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു. ഇതാണ് മരണ കാരണം. വൃദ്ധൻ മരിച്ചതോടെ യുവതി പൊലീസിൽ നൽകിയ മൊഴിയാണ് സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടാക്കിയത്.മൊഴിയിൽ വൈരുദ്ധ്യം തോന്നിയ കുറത്തികാട് പൊലീസ് വിശദമായ അന്വേഷണം നടത്തുകയും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറിൽ നിന്ന് വിവരം ശേഖരിക്കുകയും ചെയ്തു. ഇതോടെ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. ഇതിനിടെ രാജ ഒളിവില്‍ പോയിരുന്നു. രണ്ട് ദിവസത്തെ അന്വേഷണത്തിന് ഒടുവിൽ രാജയെ പേരുർക്കടയിലുള്ള മണ്ണാമൂലയിൽ നിന്ന് സാഹസികമായി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും കുറ്റകൃത്യം ചെയ്തത് വിശദീകരിക്കുകയും ചെയ്തു. ചെങ്ങന്നുർ ഡി.വൈ.എസ്.പി എം.കെ ബിനുകുമാറിന്റെ നിർദ്ദേശ പ്രകാരം കുറത്തികാട് എസ്.എച്ച്.ഒ മോഹിത്.പി.കെ, എസ്.ഐ ബിജു സി.വി, എ.എസ്.ഐമാരായ രാജേഷ്.ആര്‍.നായര്‍, രജീന്ദ്ര ദാസ്, സീനിയര്‍ സിവിൽ പൊലീസ് ഓഫീസർ നൗഷാദ്, ഷാജിമോന്‍, സി.പി.ഒ രാജേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.