മാവേലിക്കരയിൽ വിമുക്തഭടനേയും മകനേയും ടൂറിസ്റ്റ് ബസ് ഉടമയും ജോലിക്കാരും ചേർന്ന് മർദ്ദിച്ചു
മാവേലിക്കര: രാത്രി സമയം കാറിൽ വന്ന വിമുക്തഭടനേയും മകനേയും ടൂറിസ്റ്റ് ബസ് ഉടമയും ജോലിക്കാരും ചേർന്ന് മർദ്ദിച്ചു. പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്. 9 വയസുകാരനായ മകൻ കരഞ്ഞു പറഞ്ഞിട്ടും പിതാവിനെ ക്രൂരമായി മർദ്ദിച്ചതായും പരാതിയുണ്ട്.
താമരക്കുളം മേക്കുംമുറി മുണ്ടയ്ക്കോട്ടു വിളയിൽ ശ്രീജേഷ് (40) മകൻ സാകേത് (9) എന്നിവർക്കാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ കൊച്ചാലുംമൂട് പെട്രോൾ പമ്പിന് സമീപം വച്ചായിരുന്നു സംഭവം. സഞ്ജീവനി ആശുപത്രിയിൽ പ്രസവ ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ അടുത്തുനിന്നും വീട്ടിലേക്ക് വരികയായിരുന്നു ശ്രീജേഷും മകനും. പമ്പിനു സമീപത്തെ ഗ്യാരേജിലേക്ക് സൺറേസ് എന്ന് പേരുള്ള ടൂറിസ്റ്റു ബസുകൾ കയറ്റിയിടുന്നതിനാൽ കാറ് കൈകാണിച്ചു നിർത്തി. 10 മിനിറ്റോളം കാറും പിന്നാലെയുള്ള വാഹനം അവിടെ നിർത്തിയിടേണ്ടി വന്നു. കാറ് കടന്നുപോകാൻ ഇടം ലഭിച്ചതോടെ മുന്നോട്ടു പോകാനായി ഹോൺ അടിച്ചു. ഈ സമയം കാറിനു മുന്നിലായി നിന്നിരുന്ന ബസ് ഉടമ ചാടിവന്ന് മുഖത്ത് ഇടിക്കുകയായിരുന്നുവെന്ന് ശ്രീജേഷ് പറഞ്ഞു.
ബസ് കയറ്റി ഇട്ടുകൊണ്ടിരുന്ന ഏഴോളംപേരും ഓടി വന്ന് കാറിനുള്ളിലേക്ക് കൈയിട്ട് മർദ്ദിച്ചു. ഈ സമയമാണ് മകനും മർദ്ദനമേറ്റത്. കുഞ്ഞ് കരഞ്ഞു പറഞ്ഞിട്ടും ഇവർ ക്രൂരമായി മർദ്ദിച്ചുവെന്നും ശ്രീജേഷ് പറഞ്ഞു. എന്തിനാണ് മർദ്ദിക്കുന്നതെന്ന് ചോദിച്ചപ്പോൾ വണ്ടിയുപ്പെടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ശ്രീജേഷ് പറഞ്ഞു. മാവേലിക്കര പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇന്ന് രാവിലെ പൊലീസെത്തി മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുത്തിട്ടുണ്ട്.