മാവേലിക്കരയിൽ മദ്യം കടത്തിക്കൊണ്ട് വന്ന് വിൽപ്പന… യുവാവ് പിടിയിൽ… വീട്ടിൽ പരിശോധിച്ചപ്പോൾ…
മാവേലിക്കര- താമരക്കുളം പുതുചേരിയിൽ നിന്നും അനധികൃതമായി മദ്യം കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തിയ കേസ്സിലെ പ്രതി താമരക്കുളം മേക്കുംമുറിയിൽ തുണ്ടുവിളയിൽ വസന്ത കുമാറിനെ (42) മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ള.പി.എയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. നൂറനാട് എക്സൈസ് റേഞ്ചിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വസന്തകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 7 ലിറ്റർ അനധികൃത മദ്യം പിടിച്ചെടുത്തിരുന്നു. ഈ സമയം സ്ഥലത്തില്ലായിരുന്ന വസന്തകുമാറിനെ അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നീട് ഇയാൾ ഒളിവിൽ പോയി. തുടർന്ന് കേസിന്റെ അന്വേഷണം നടത്തിയ മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ള ഒളിവിൽ കഴിഞ്ഞിരുന്ന വസന്തകുമാറിനെ വള്ളികുന്നം ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – 2 മുൻപാകെ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു. വസന്തകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നും പുതുചേരിയിൽ നിന്നും മദ്യം എത്തിക്കാൻ സഹായിച്ചവർക്കെതെരെ വിശദമായുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. മദ്യ –മയക്കുമരുന്നു കളെ കുറിച്ചുള്ള പരാതികൾ 0479-2340265, 9400069490 എന്ന നമ്പറുകളിൽ വിളിച്ചറിയിക്കാവുന്നതാണ്.