മാവേലിക്കരയിൽ.. കെട്ടുകാഴ്ച വരവിനിടെ സർവ്വീസ് വയറുകൾ നശിപ്പിച്ചു.. രണ്ട് പ്രതികളെ പിടികൂടി..

മാവേലിക്കരയിൽ കെട്ടുകാഴ്ച വരവിനിടെ കെ.എസ്.ഇ.ബിയുടെ സർവ്വീസ് വയറുകൾ നശിപ്പിച്ച സംഭവത്തിൽ രണ്ട് പ്രതികളെ പിടികൂടി. ഉമ്പർനാട് മറുതാക്ഷി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് കെട്ടുകാഴ്ച ക്ഷേത്രത്തിലേക്ക് കൊണ്ടുവരുമ്പോൾ കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് വയറുകളും സർവ്വീസ് വയറുകളും മുറിച്ച് മാറ്റിയ സംഭവത്തിൽ കെ.എസ്.ഇ.ബി നൽകിയ പരാതിയിലാണ് നടപടി.

ഉമ്പർനാട് ഗോകുലത്തിൽ ഉണ്ണി.എം ഗണേശൻ, ഉമ്പർനാട് തടത്തിൽ കിഴക്കതിൽ രമേശൻ എന്നിവരെയാണ് മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഉമ്പർനാട് കിഴക്കേകരയുടെ കെട്ടുകാഴ്ച കൊണ്ടുവരുമ്പോൾ കല്ലുമല ബിഷപ് മൂർ കോളേജ് ജംഗ്ഷൻ മുതൽ മറുതാക്ഷി ക്ഷേത്രം വരെയുള്ള ഭാഗങ്ങളിലെ വയറുകളാണ് പ്രതികൾ മുറിച്ച് മാറ്റിയത്. ബോൾട്ടർ കട്ടർ ഉപയോഗിച്ചാണ് വയറുകൾ മുറിച്ച് മാറ്റിയത്.

സംഭവത്തിൽ നാല് പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. പൊതുമുതൽ നശിപ്പിച്ച കുറ്റം ചുമത്തിയും ഇലക്ട്രിസിറ്റി ആക്റ്റ് പ്രകാരവും കേസ് എടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ റിമാന്റ് ചെയ്തു. സർവ്വീസ് വയറുകൾ നശിപ്പിച്ചതിനാൽ ഒന്നര ദിവസത്തോളം പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായും കെ.എസ്.ഇ.ബി പരാതിപ്പെട്ടിരുന്നു.

Related Articles

Back to top button