മാവേലിക്കരയിൽ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മയക്കുമരുന്ന് വില്പന… കഞ്ചാവുമായി 4 യുവാക്കൾ എക്സൈസ് പിടിയിൽ….
മാവേലിക്കര: acid high 2 എന്ന ഇന്‍സ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയിലുള്ള വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്ത് പ്രചാരണം നടത്തുകയും ചെയ്ത സംഘത്തെ മാവേലിക്കര റേഞ്ച് എക്സൈസ് ഇന്‍സ്പെക്ട൪ പി.സജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഏകദേശം 4000 ഫോളോവേഴ്സാണ് ഇന്‍സ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂള്ളത്. ആലപ്പുഴ എക്സൈസ് സൈബ൪ സെൽ നല്‍കിയ സോഷ്യൽ മീഡിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാവേലിക്കര കുറത്തികാട് ഭാഗങ്ങളിൽ എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
മാവേലിക്കര തെക്കേക്കര കുറത്തികാട് എബനേസർ വീട്ടിൽ സ്റ്റാന്‍ലി വിജയകുമാ൪ (22), മാവേലിക്കര തെക്കേക്കര കുറത്തികാട് മീനത്തേതിൽ നിരഞ്ജന്‍ (19), കായംകുളം പുള്ളിക്കണക്ക് കാരാവള്ളി വീട്ടിൽ അനന്ദു വിനോദ് (21), കായംകുളം ചേരവള്ളി പട്ടാണി അയ്യത്ത് വീട്ടിൽ ആദര്‍ശ് (22) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയ്യിൽ നിന്ന് 44 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഈ റാക്കറ്റുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ എക്സൈസിനു ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരുകയാണെന്നും ഇന്‍സ്പെക്ട൪ പി.സജു അറിയിച്ചു. പരിശോധനയിൽ അസ്സിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ട൪ ഉണ്ണികൃഷ്ണ൯ എം.പി, പ്രിവന്റീവ് ഓഫീസര്‍മാരായ അംബികേശ൯.കെ, ബെന്നിമോന്‍.വി, സിവിൽ എക്സൈസ് ഓഫീസ൪മാരായ സിജു.പി ശശി, ഷിബു.പി.യു, സനൽ സിബിരാജ് , പ്രദീഷ് പി.നായ൪, ജി.ആ൪.ശ്രീ രണദിവെ, വനിതാ സിവിൽ എക്സൈസ് ഓഫീസ൪ നിമ്മി കൃഷ്ണന്‍, എക്സൈസ് സൈബ൪ സെൽ അംഗമായ അ൯ഷാദ്, എക്സൈസ് ഡ്രൈവ൪ ജ്യോതിഷ് എന്നിവരുമുണ്ടായിരുന്നു. മദ്യം – മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ഈ നമ്പറിൽ അറിയിക്കുക : 0479 2340270.