മാല പൊട്ടിച്ച കേസിലെ പ്രതി മാസങ്ങൾക്ക് ശേഷം കുടുങ്ങി…

ഇരിങ്ങാലക്കുടയില്‍ ബൈക്കിലൈത്തി മാല പൊട്ടിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ. പാലാ സ്വദേശി അഭിലാഷിനെയാണ് (52) തൃശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട എസ്.ഐ. എം. അജാസുദ്ദീര്‍ അറസ്റ്റു ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതി അങ്കമാലി മറ്റൂര്‍ സ്വദേശി വാഴേലിപറമ്പില്‍ വീട്ടില്‍ കിഷോര്‍ (40) നേരത്തെ പിടിയിലായിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 20ന് രാവിലെ 11 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന് തെക്കുവശം താമസിക്കുന്ന മാരാത്ത് കലവാണി വീട്ടില്‍ ഗീതയുടെ (57) ആറ് പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. വീട്ടില്‍നിന്ന് അയല്‍വാസിയായ സ്ത്രീയോടൊപ്പം ഉണ്ണായിവാരിയര്‍ സ്മാരക നിലയം റോഡിലൂടെ അമ്പലത്തിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം.
ഈ സമയം അതുവഴി ബൈക്കില്‍ വന്ന കിഷോറും അഭിലാഷും സ്ത്രീകളെ കണ്ടതോടെ കുറച്ചുദൂരം മുന്നോട്ടുപോയി തിരിച്ചെത്തി മാല പൊട്ടിച്ചെടുത്തു കടക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘത്തിന് അന്നു രാത്രി തന്നെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. തലേദിവസം അങ്കമാലിയില്‍നിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇവര്‍ മാല പൊട്ടിക്കാന്‍ ഇറങ്ങിയത്.

Related Articles

Back to top button