മാലിന്യക്കൂമ്പാരം തിരഞ്ഞപ്പോൾ കിട്ടിയത്…

ഒരു സ്ത്രീയുടെ ആവശ്യപ്രകാരം ശുചീകരണ തൊഴിലാളികൾ മാലിന്യ കൂമ്പാരം രണ്ടുമണിക്കൂറോളം അരിച്ചു പെറുക്കിയപ്പോൾ കിട്ടിയത് അഞ്ച് സ്വർണ മോതിരങ്ങൾ. മാലിന്യ കൂമ്പാരത്തിലേക്ക് വീണുപോയ തന്റെ മോതിരങ്ങൾ തിരികെ കിട്ടാനാണ് ശുചീകരണ തൊഴിലാളികളുടെ സഹായം തേടിയത്. നോവ സ്കോട്ടിയ‌യിലാണ് സംഭവം.

കേപ് ബ്രെട്ടണിലെ അലക്‌സാന്ദ്ര സ്റ്റോക്കൽ എന്നെ സ്ത്രീയുടെ മോതിരങ്ങളാണ് മാലിന്യ കൂമ്പാരത്തിൽ നഷ്ടപ്പെട്ടു പോയത്. തന്റെ ആഭരണങ്ങൾ എല്ലാം വൃത്തിയാക്കുന്ന കൂട്ടത്തിൽ മോതിരങ്ങളും അലക്സാന്ദ്ര വൃത്തിയാക്കി. 5 മോതിങ്ങളാണ് ഉണ്ടായിരുന്നത്. ഇവ കഴുകിയതിനുശേഷം അവർ അത് ഉണങ്ങാനായി ഒരു പേപ്പർ ടവ്വലിൽ പൊതിഞ്ഞു വെച്ചു. പക്ഷേ, അപ്പോഴാണ് വൃത്തിക്കാരനായ ഭർത്താവ് വീട്ടിലെത്തിയത്. ഉപയോഗിച്ചിട്ട് വച്ചിരിക്കുന്ന പേപ്പർ ടവൽ കണ്ട അത് പുറത്തെ മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് അലക്സാന്ദ്ര വന്നു നോക്കുമ്പോൾ താൻ വെച്ചിടത്ത് മോതിരം ഇല്ല. അവൾ വീട് മുഴുവൻ പരതി. ഭർത്താവിനോട് താൻ ഇവിടെ വെച്ചിരുന്ന പേപ്പർ ടവൽ കണ്ടോ എന്ന് ചോദിച്ചു. അപ്പോഴാണ് ഭർത്താവിന് അബദ്ധം മനസ്സിലായത്. അയാൾ നടന്ന കാര്യങ്ങൾ അലക്സാന്ദ്രയോട് പറഞ്ഞു. പക്ഷേ, അപ്പോഴേക്കും മാലിന്യങ്ങൾ മുനിസിപ്പാലിറ്റി കൊണ്ടുപോയിരുന്നു.

ഒടുവിൽ അവർ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികളുടെ സഹായം തേടാൻ തീരുമാനിച്ചു. നഷ്ടപ്പെട്ട മോതിരങ്ങൾ അലക്സാന്ദ്രയ്ക്ക് അത്രമാത്രം പ്രിയപ്പെട്ടവയായിരുന്നു. അവളുടെ വിവാഹമോതിരവും പാരമ്പര്യമായി കുടുംബത്തിൽ കൈമാറ്റം ചെയ്തുവന്നിരുന്ന മോതിരവും അച്ഛൻറെ മരണസമയത്ത് അച്ഛൻറെ ഓർമ്മയ്ക്കായി അമ്മ വാങ്ങി നൽകിയ മോതിരവും എല്ലാം അതിൽ ഉൾപ്പെട്ടിരുന്നു.

അങ്ങനെ നഗരസഭയിലെ മാലിന്യ കൂമ്പാരം മുഴുവൻ അരിച്ചു പെറുക്കി ഒടുവിൽ അലക്സാന്ദ്രയുടെ വീട്ടിൽ നിന്നും കൊണ്ടുവന്നിട്ട മാലിന്യം കണ്ടെത്തി. അപ്പോഴതാ അതിൽ പേപ്പർ ടവ്വലിൽ പൊതിഞ്ഞ നിലയിൽ 5 മോതിരങ്ങൾ . മോതിരങ്ങൾ കിട്ടിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു അലക്സാന്ദ്രയ്ക്ക്. ഈ ഉപകാരത്തിന് താൻ എന്നും ശുചീകരണ തൊഴിലാളികളോട് കടപ്പെട്ടിരിക്കുന്നു എന്നും അലക്സാന്ദ്ര പറഞ്ഞു.

Related Articles

Back to top button