മാലിന്യം നീക്കം ചെയ്യാൻ ഒരു മനുഷ്യന്റെ തിരോധാനം വേണ്ടി വന്നത് സങ്കടകരം..രക്ഷാശ്രമം വിജയത്തില്‍ എത്തട്ടേയെന്ന് പ്രാർത്ഥിക്കുന്നു…
തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ വീണ ആളെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമം വിജയത്തില്‍ എത്തട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.നിലവില്‍ സ്‌കൂബാ ഡൈവിങ് ടീമും റോബോട്ട്‌സും അവിടെ എത്തുകയും മാലിന്യങ്ങള്‍ ടണ്‍ കണക്കിന് നീക്കം ചെയ്തിട്ടുമുണ്ട്. ഇതിനെല്ലാം ഒരു മനുഷ്യന്റെ തിരോധാനം വേണ്ടി വന്നു എന്നത് സങ്കടകരമാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
മഴക്കാല പൂര്‍വ ശുചീകരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തദ്ദേശ മന്ത്രി പരിഹസിക്കുകയായിരുന്നു. അലക്കിത്തേച്ച വടിവൊത്ത വാക്കുകള്‍ കൊണ്ട് പ്രതിപക്ഷത്തെ പരിഹസിച്ച തദ്ദേശ മന്ത്രിയോട് ചോദിക്കാനുള്ളത്, നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു ഇത്ര നാള്‍ എന്നതാണ്.
റെയില്‍വെയും കോര്‍പറേഷനും തമ്മിലുള്ള തര്‍ക്കമാണെന്നാണ് പറയുന്നത്. റെയില്‍വെ പറയുന്നു കോര്‍പറേഷന്‍ ചെയ്യണമെന്ന്. കോര്‍പറേഷന്‍ പറയുന്നു റെയില്‍വെയാണ് ചെയ്യേണ്ടതെന്ന്. റെയില്‍വെയും കോര്‍പറേഷനും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതു പരിഹരിക്കാനല്ലേ ഒരു സര്‍ക്കാരുള്ളത്. രണ്ട് കൂട്ടരുടെയും യോഗം വിളിച്ച് പരിഹാരത്തിന്‍ മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന് തയാറായില്ല. ഈ കെടുകാര്യസ്ഥതയാണ് എല്ലായിടത്തും കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.