മാന്നാർ സാമ്പത്തിക തട്ടിപ്പ് കേസ്… പ്രതികൾക്ക് ജാമ്യം…
ചെങ്ങന്നൂർ: പലരിൽ നിന്നായി മൂന്ന് കോടി രൂപയും 60 പവൻ സ്വർണാഭരണങ്ങളും തട്ടി എടുത്തു എന്ന് ആരോപിച്ച് മാന്നാർ പോലീസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്ത കേസ്സിൽ പ്രതികൾക്ക് ജാമ്യം. ഒന്നും രണ്ടും പ്രതികളായ മാന്നാർ കുട്ടൻപേരൂർ പല്ലവനക്കാട്ടിൽ സാറാമ്മ ലാലു (മോളി), മാന്നാർ മുൻ പഞ്ചായത്തംഗം കൊരട്ടിക്കാട്, നേരൂർ വീട്ടിൽ ഉഷാഗോപാലകൃഷ്ണൻ എന്നിവർക്ക് ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സോണി എ.എസ് ജാമ്യം അനുവദിച്ചത്.
സാമ്പത്തിക തട്ടിപ്പ് ആരോപിച്ചാണ് പ്രതികളെ ഞായറാഴ്ച വെളുപ്പിന് തിരുവല്ല, കുറ്റൂർ ഉള്ള ഒരു വീട്ടിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിയപുരം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ധർമ്മജത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു മുൻപായി മുൻകൂർ ജാമ്യത്തിനായി ആലപ്പുഴ സെഷൻസ് കോടതിയിൽ ജാമ്യ ഹർജി ബോധിപ്പിച്ചിരുന്നതാണ്. ജാമ്യം പരിഗണിക്കുന്നതിനായി 6ന് അവധിക്ക് ഇരിക്കുമ്പോഴാണ് തലേദിവസം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.
സാമ്പത്തിക തട്ടിപ്പിന് ഇരയായി എന്ന് കരുതുന്ന മാന്നാർ മുൻ പഞ്ചായത്ത് പ്രസിഡൻറ് കൊരട്ടിക്കാട് ഓംകാറിൽ ശ്രീദേവിയമ്മ കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ശ്രീദേവി അമ്മ ഉൾപ്പെടെ പലരിൽ നിന്നായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി ആരോപിച്ചാണ് കേസ്. കേസിലെ മൂന്നാംപ്രതി വിഷ്ണുവിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവും പ്രകാരം കേസിന്റെ അന്വേഷണം വിയപുരം പോലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറിയിരുന്നു. പ്രതികൾക്ക് വേണ്ടി അഡ്വ മുട്ടം നാസർ ഹാജരായി