മാന്നാർ കൊലപാതകം..പ്രതികൾ പോലീസ് കസ്റ്റഡിയിൽ..ജാമ്യ അപേക്ഷ നാളെ പരിഗണിക്കും…
ആലപ്പുഴ മാന്നാറിലേ കലയുടെ കൊലപാതകകേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആറു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.ചെന്നിത്തല-തൃപ്പെരുന്തുറ ഇരമത്തൂർ ജിനുഭവനം ജിനു (48), ഇരമത്തൂർ കണ്ണമ്പള്ളിൽ സോമരാജൻ (56), ഇരമത്തൂർ കണ്ണമ്പള്ളിൽ പ്രമോദ് (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്.
അതേസമയം, കൊലപാതകത്തിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം.കലയെ കൊലപ്പെടുത്തിയെന്ന് കലയുടെ ഭർത്താവ് അനിൽ കുമാർ സമ്മതിച്ചതായി മുഖ്യസാക്ഷി പറഞ്ഞിരുന്നു . അനിൽ കുമാർ വിളിച്ചതനുസരിച്ച് വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടെന്നും സാക്ഷി സുരേഷ് പറഞ്ഞു. അനിൽ കുമാറിന്റെ ഭീഷണി ഭയന്നാണ് കൊലപാതക വിവരം പുറത്ത് പറയാതിരുന്നതെന്നും സുരേഷ് പൊലീസിനോട് പറഞ്ഞിരുന്നു.