മാധ്യമ പ്രവർത്തകൻ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്….ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായി…
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഹാജരായത്. കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതിന്റെ ഭാഗമായാണ് ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായത്. കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോൾ ശ്രീറാം ഹാജരാകാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. കുറ്റപത്രം വായിക്കുന്നതിനു മുന്നോടിയായുള്ള പ്രാഥമിക വാദം കഴിഞ്ഞ തവണ കോടതി കേട്ടിരുന്നു.
അപകടം നടന്നിട്ട് അഞ്ചു വര്‍ഷം പിന്നിട്ടു. മജിസ്‌ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതി വരെ കേസ് പരിഗണിച്ചെങ്കിലും വിചാരണ നടപടികള്‍ ആരംഭിച്ചിരുന്നില്ല. ഇതിനിടയില്‍ രണ്ടാം പ്രതി വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍നിന്നും ഒഴിവാക്കി. അതോടെ കേസിൽ ശ്രീറാം വെങ്കിട്ടരാമന്‍ മാത്രമായി പ്രതി. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ശ്രീറാമും വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചായിരുന്നു ബഷീറിന്റെ മരണം.